കൊടുങ്ങല്ലൂർ: അഴീക്കോട് തീരത്തോട് ചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടി. അനധികൃത മത്സ്യബന്ധനം നടത്തിയ എറണാകുളം മുനമ്പം പള്ളിപ്പുറം സ്വദേശി തായാട്ട് പറമ്പിൽ നീധിഷിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീശാസ്താ എന്ന ബോട്ടാണ് പിടിച്ചെടുത്തത്.
12 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള 800 കിലോ കിളിമീൻ ഇനത്തിൽപ്പെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെൻറുകളിലും നടത്തിയ പ്രത്യേക കോമ്പിങ് ഓപ്പറേഷൻ്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത് തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച് ബോട്ടിന് രണ്ടര ലക്ഷം രൂപ പിഴ ചുമത്തി. ബോട്ടിലുണ്ടായിരുന്ന ഉപയോഗ യോഗ്യമായ മത്സ്യം ലേലംചെയ്ത വകയിൽ എഴുപതിനായിരം രൂപ ട്രഷറിയിൽ അടപ്പിക്കുകയും ചെയ്തു. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് കടലിൽ നിക്ഷേപിച്ചു. ഫിഷറീസ് ഹാച്ചറി അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. സീമ, എ.എഫ്.ഇ.ഒ സംന ഗോപൻ, മെക്കാനിക്ക് ജയചന്ദ്രൻ, മറൈൻ എൻഫോഴ്സ് &വിജിലൻസ് വിങ്ങ് വിഭാഗം ഓഫീസർമാരായ വി.എൻ. പ്രശാന്ത് കുമാർ, ഇ.ആർ. ഷിനിൽകുമാർ, വി.എം. ഷൈബു, സീറെസ്ക്യൂ ഗാർഡുമാരായ പ്രസാദ്, ഫസൽ എന്നിവരടങ്ങിയ പ്രത്യേക പട്രോളിങ് ടീമാണ് അനധികൃത മത്സ്യബന്ധനം പിടികൂടിയത്.