തൃശൂർ: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന പേരിൽ കേരളത്തിൽ അങ്ങോളമിങ്ങോളം സ്ഥാപനങ്ങൾ തുടങ്ങി, നിക്ഷേപത്തിന് ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലാണ് അറസ്റ്റ്. പട്ടാമ്പി തൃത്താല ഉറന്തൊടിയിൽ വീട്ടിൽ ഫൈസൽ ബാബു, ഉറന്തൊടിയിൽ വീട്ടിൽ അബ്ദുൽ നാസർ എന്നിവരെയാണ് തൃശൂര്‍ ടൗൺ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
1,00,000 രൂപ നിക്ഷേപിച്ചാൽ പ്രതിമാസം ആയിരം രൂപ ലാഭവിഹിതം, 10 പവൻ നിക്ഷേപമായി നൽകിയാൽ ഒരു പവൻ പ്രതിവർഷം ലാഭവിഹിതം എന്നിങ്ങനെയായിരുന്നു വാഗ്ദാനം. ഇങ്ങനെ വിശ്വസിപ്പിച്ച് നിരവധി പേരിൽനിന്നായി കോടികളാണ് ഇവർ തട്ടിയെടുത്തത്. ഈസ്റ്റ് ഇൻസ്പെക്ടർ എം. സുജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐ പ്രമോദ്, എസ്.സി.പി.ഒ ഗിരീഷ്, പ്രദീപ്, സി.പി.ഒമാരായ അജ്മൽ, അരുൺജിത്ത്, വൈശാഖ്, നസീബ് എന്നിവരാണ് ഉണ്ടായിരുന്നത്.