കാഞ്ഞാണി: തൃശൂർ-വാടാനപ്പള്ളി സംസ്ഥാനപാതയിൽ പെരുമ്പുഴ പാടത്ത് റോഡിന് കുറുകെയുള്ള കലുങ്ക് ഇടിഞ്ഞ് അപകടാവസ്ഥയിൽ. വാഹനങ്ങൾ കടന്നുപോകുന്ന ഭാഗത്ത് റോഡിനെ താങ്ങിനിർത്തുന്ന ഒരുഭാഗം തകർന്നുവീണതായാണ് കണ്ടെത്തിയത്. കലുങ്കിന്റെ മറുഭാഗവും തുരങ്കം രൂപപ്പെട്ട് ഏതുനിമിഷവും താഴെ പതിക്കാവുന്ന നിലയിലാണ്. പാടത്തെ വെള്ളം കെട്ടിക്കിടക്കുന്നത് റോഡിനപ്പുറത്തേക്ക് ഒഴുകുന്നതിനായി തടസ്സം നീക്കാനെത്തിയ തൊഴിലാളികളാണ് കലുങ്ക് അപകടത്തിലാണെന്ന് കണ്ടെത്തിയത്. സംസ്ഥാനപാതയിലൂടെ വാഹനങ്ങൾ തുരുതുരാ ചീറിപ്പായുന്ന റോഡിലാണ് കലുങ്കിന്റെ അടിഭാഗം തകർന്നത് കണ്ടെത്തിയത്. പെരുമ്പുഴ പാടത്ത് ഒന്നാമത്തെ പാലത്തിന് മുമ്പുള്ള കലുങ്കാണ് അപകടാവസ്ഥയിലായത്. ഒരു മീറ്ററോളം വീതിയുള്ള വെള്ളം ഒഴുകുന്ന കലുങ്കിന്റെ മുകൾ ഭാഗത്ത് സ്ലാബുകൾ ഇട്ടാണ് മുകളിൽ ടാർ ചെയ്തിട്ടുള്ളത്. ഇതിൽ ഒരുവശത്തെ ആരംഭ ഭാഗത്തുള്ള വലിയ തൂൺ പൂർണമായും തകർന്ന് വീണ നിലയിലാണ്.
കലുങ്കിന്റെ ഉൾവശത്ത് മറുഭാഗത്തും സമാന രീതിയിൽ സംരക്ഷണ ഭിത്തിയുടെ ഒരുവശം തകർന്നിരിക്കുകയാണ്. ഇവിടെ വലിയ തുരങ്കം രൂപപ്പെട്ടു കഴിഞ്ഞു. കൊടയാട്ടി പാടശേഖരത്തിൽനിന്ന് വെള്ളം ഒഴുകി പോകാൻ തടസ്സം വന്നതിനെ തുടർന്ന് കലുങ്കിന്റെ ഉൾവശം വൃത്തിയാക്കാൻ വന്ന തൊഴിലാളികളാണ് ഇക്കാര്യം കണ്ടെത്തിയത്. കലുങ്കിന്റെ അടിയിൽ പലഭാഗത്തും മുകൾ ഭാഗത്തെ സ്ലാബുകൾ അടിയിൽ താങ്ങില്ലാതെ അപകടാവസ്ഥയിലാണെന്ന് തൊഴിലാളികൾ പറഞ്ഞു. ഇതിന് അടുത്തുള്ള പ്രധാനപ്പെട്ട ഒരു പാലം ഏതാനും വർഷം മുമ്പ് കനത്ത മഴയിൽ ബലക്ഷയം മൂലം ഗാർഡറുകൾ മാറ്റിസ്ഥാപിച്ചിരുന്നു. ടോറസ് ലോറികൾ അടക്കം വാഹങ്ങൾ ചീറിപ്പായുന്ന സംസ്ഥാനപാതയിൽ വലിയ അപകടമാണ് പതിയിരിക്കുന്നത്. മഴ പെയ്ത വെള്ളം കൂടുമ്പോൾ കലുങ്കിന് ഉള്ളിലൂടെ കൂടുതൽ ജലം പ്രവഹിച്ചാൽ കലുങ്കിന്റെ വശങ്ങൾ ഒലിച്ചുപോയി മുകൾ ഭാഗം താഴേക്ക് പതിക്കാനും സാധ്യത ഏറെയാണ്.