എറിയാട്: പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ഇടിമിന്നലിൽ വീടുകൾക്കും, പള്ളിക്കും കേടുപാട് സംഭവിച്ചു. ബുധനാഴ്ച്ച രാത്രിയിലുണ്ടായ ഇടിമിന്നലിൽ അഴീക്കോട് സെൻ്റ് തോമസ് ലത്തീൻ പള്ളിക്ക് സമീപം പള്ളിയിൽ ഔസോ സേവ്യറിന്റെ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തിനശിച്ചു. വീടിൻ്റെ ചുവരുകൾക്കും മേൽക്കൂരയ്ക്കും കേടുപാട് സംഭവിക്കുകയും ചെയ്തു. തീഗോളം കണക്കെ പതിച്ച ഇടിമിന്നലേറ്റ് വീട്ടുമുറ്റത്തെ തെങ്ങ് കത്തിനശിച്ചതായി വീട്ടുകാർ പറഞ്ഞു. സമീപത്തുള്ള സെന്റ് തോമസ് ലത്തീൻ ദേവാലയത്തിലെ പള്ളിമണിക്കും ഇടിമിന്നലിൽ തകരാർ സംഭവിച്ചു. പള്ളി മേടയിലുള്ള വൈദ്യുത മീറ്ററും, ഫാനും ഉൾപ്പെടെയുള്ളവയും കത്തിനശിച്ചു. ഈ പ്രദേശത്തെ നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.