തൃശൂർ: തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രമായ ഗവ. എൻജിനീയറിങ് കോളജിൽ എല്ലാ സജ്ജീകരണങ്ങളും സുരക്ഷാസംവിധാനങ്ങളും ഒരുക്കിയതായി കളക്ടർ വി.ആർ. കൃഷ്ണതേജ അറിയിച്ചു. മണ്ഡലത്തിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മൂന്ന് നിരീക്ഷകരെ തിരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ എട്ടുമുതലാണ് വോട്ടെണ്ണൽ തുടങ്ങുക. ആദ്യം പോസ്റ്റൽ ബാലറ്റുകളെണ്ണും. പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിന് വരണാധികാരിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ 30 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. എല്ലാ ടേബിളുകളിലും സഹവരണാധികാരികളുടെ നിയന്ത്രണമുണ്ടാകും.
8.30 നാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണി തുടങ്ങുക. ഇവിഎം മെഷീനുകൾ എണ്ണുന്ന ഓരോ മേശയിലും മൈക്രോ ഒബ്സർവർ, കൗണ്ടിങ് സൂപ്പർവൈസർ, കൗണ്ടിങ് അസിസ്റ്റന്റ് എന്നിങ്ങനെ മൂന്ന് ഉദ്യോഗസ്ഥരുണ്ടാകും. തൃശൂർ ലോക്സഭാ മണ്ഡലത്തിനായി 155 മൈക്രോ ഒബ്സർവർ, 155 കൗണ്ടിങ് സൂപ്പർവൈസർ, 191 കൗണ്ടിങ് അസിസ്റ്റന്റ് എന്നിവർക്ക് പുറമെ 45 എ.ആർ.ഒ മാരെയും അധികമായി നിയോഗിച്ചിട്ടുണ്ട്. എല്ലാ നിയോജകമണ്ഡലങ്ങളിലെയും വോട്ടുകൾ ഒരേസമയം എണ്ണിത്തുടങ്ങും. ചൊവ്വാഴ്ച എൻജിനീയറിങ് കോളേജിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.