തളിക്കുളം: ഗ്രാമപഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതി പ്രകാരം എൽപി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് ജിഎംഎൽപി നോർത്ത് സ്കൂളിൽ സംഘടിപ്പിച്ച പരിപാടി തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് വേണ്ടി എല്ലാ ദിവസങ്ങളിലും പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി പ്രഭാത ഭക്ഷണവും പാലും നൽകി വരുന്നു.
ഈ വർഷം മുതൽ ഭക്ഷണത്തിൽ പഴം, സാലഡ് എന്നിവ കൂടി ഉൾപ്പെടുത്താൻ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ജിഎംഎൽപി നോർത്ത് സ്കൂളിലെ പ്രധാന അധ്യാപിക ജിജ ടീച്ചർ പദ്ധതി വിശദീകരണം നടത്തി. തളിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പികെ അനിത ടീച്ചർ വിദ്യാർത്ഥികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനായി ജൈവ പച്ചക്കറികൾ നൽകി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, തളിക്കുളം ബിപിസി സിന്ധു ടീച്ചർ, പിടിഎ പ്രസിഡൻ്റ് നിഷി, ജിഎം എൽപി നോർത്ത് സ്കൂൾ അധ്യാപിക സുമ ടീച്ചർ എന്നിവർ സംസാരിച്ചു.