എടവിലങ്ങ്: കടൽക്ഷോഭത്തിൻ്റെ തീവ്രത കുറയ്ക്കാൻ മണൽത്തിട്ട നിർമ്മിച്ച് എടവിലങ്ങ് പഞ്ചായത്ത്. പഞ്ചായത്തിലെ പതിനാലാം വാർഡിൽ കാര കടപ്പുറത്താണ് മണൽതിട്ട നിർമ്മിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ വേലിയേറ്റത്തെ തുടർന്ന് ഈ പ്രദേശത്ത് ജനവാസ കേന്ദ്രങ്ങളിലേക്ക് കടൽവെള്ളം കയറിയിരുന്നു. ജിയോ ബാഗ് തടയണയുൾപ്പടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ ഇനിയും കാലതാമസമുണ്ടാകുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് താത്ക്കാലിക പരിഹാരമെന്ന നിലയിൽ മണൽത്തിട്ടയൊരുക്കുന്നത്. നിലവിലുള്ള കടൽ ഭിത്തിക്ക് സമീപമാണ് മണൽത്തിട്ട നിർമ്മിക്കുന്നത്. ഇതു വഴി ശക്തമായ വേലിയേറ്റത്തെ തടയാൻ കഴിയുമെന്നാണ് പ്രതീക്ഷ.