ഗുരുവായൂർ: കേന്ദ്രടൂറിസം, പെട്രോളിയം, പ്രകൃതി വാതകം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. നറുനെയ്യും,കദളിപ്പഴവും സമർപ്പിച്ചു. കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ സുരേഷ് ഗോപിക്ക് വെള്ളിയാഴ്ച വൈകീട്ട് ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ദേഹത്തിന് പൊന്നാടയണിയിച്ചു.സുഹൃത്തും,മുൻ ദേവസ്വം ഭരണ സമിതി അംഗവുമായ ഡോ.വി. രാമചന്ദ്രൻ,ബിജെപി നേതാക്കൾ എന്നിവരോടൊത്ത് വൈകിട്ട് അഞ്ചരയോടെ ക്ഷേത്ര ദർശനത്തിനായി എത്തിയത്.ഗോപുര കവാടത്തിൽ ക്ഷേത്രം ഡി.എ.പ്രമോദ് കളരിക്കൽ,അസി.മാനേജർ രാമകൃഷ്ണൻ എന്നിവർ കേന്ദ്ര മന്ത്രിയെ സ്വീകരിച്ചു.40 മിനിട്ടോളം ക്ഷേത്രത്തിൽ ചെലവഴിച്ച കേന്ദ്ര മന്ത്രി വൈകിട്ട് ആറേകാലോടെയാണ് ദർശനം പൂർത്തിയാക്കി ഇറങ്ങിയത്.