അരിമ്പൂർ: അരിമ്പൂർ പരദേവതാ ക്ഷേത്രത്തിൽ നടന്ന കവർച്ചയിൽ അടിമുടി ദുരൂഹത. 5 പവൻ സർണ്ണവും ഇരുപതിനായിരം രൂപയുമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. മോഷ്ടാവിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും കൃത്രിമമായി തെളിവുകൾ സൃഷ്ടിക്കാനും ശ്രമങ്ങൾ നടന്നതായും സൂചനയുണ്ട്. വ്യാഴാഴ്ച്ച പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ മേൽശാന്തിയാണ് മോഷണ വിവരം ആദ്യം അറിയുന്നത്. തുടർന്ന് ക്ഷേത്രം ഭാരവാഹികളെത്തി പരിശോധിച്ചപ്പോൾ പണവും സ്വർണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. പോലീസിൽ പരാതിയും നൽകിയിരുന്നു. പ്രദേശത്ത് ജനകീയ പങ്കാളിത്തത്തോടെ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ നിന്ന് മോഷ്ടാവിൻ്റേതെന്ന് കരുതുന്ന ദശ്യങ്ങൾ ക്ഷേത്രം ഭാരവാഹികൾക്ക് ലഭിച്ചിട്ടുണ്ട്. മോഷ്ടാവിന് വേണ്ട സൗകര്യങ്ങൾ അജ്ഞാതനായ ഒരാൾ ചെയ്തു നൽകിയതായാണ് വിവരം. ഇത് ആരെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
മോഷണത്തിന് എത്തിയ വ്യക്തിയെ സഹായിക്കാൻ വാതിലിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചതായി വരുത്തി തീർക്കുകയായിരുന്നു എന്നും സംശയങ്ങൾ ഉണ്ട്. ജനവാതിലിലൂടെ കയ്യിട്ട് പൂട്ടിയ മേശയുടെ വലിപ്പ് പൊളിച്ച് സാധനങ്ങൾ കവർന്നു എന്ന രീതിയിൽ വരുത്തി തീർത്തതുമാകാം. കവർച്ചക്കിടയിൽ മേശക്ക് മുകളിലിരുന്ന സാധനങ്ങൾക്ക് സ്ഥാനമാറ്റമൊന്നും സംഭവിച്ചിട്ടില്ല. മാത്രമല്ല ഇതിനോട് ചേർന്നുള്ള ഗണപതി പ്രതിഷ്ഠക്ക് മുന്നിലുള്ള ഭണ്ഡാരം പൂട്ട് തകർത്ത നിലയിൽ ഉണ്ടായിരുന്നു. എന്നാൽ വെള്ളിയാഴ്ച മേൽശാന്തി അതെ പൂട്ട് എടുത്ത് അമർത്തിയപ്പോൾ സാധാരണ പോലെ ലോക്ക് ആയി. അപ്പോൾ പൂട്ട് തകർക്കാതെ തന്നെ മോഷണത്തിനുള്ള തിരക്കിനിടയിൽ താക്കോൽ ഉപയോഗിച്ച് തുറന്നിട്ട് പൂട്ട് തകർത്തതെന്ന് വരുത്തിത്തീർക്കുകയായിരുന്നു ആരുടെയോ ലക്ഷ്യമെന്ന് വ്യക്തമാകുകയാണ്. ഇക്കാര്യങ്ങൾക്ക് വ്യക്തത വരണമെങ്കിൽ പോലീസ് അന്വേഷണം കാര്യക്ഷമമാക്കേണ്ടതുണ്ട്. മറ്റു പ്രദേശങ്ങളിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് മോഷ്ടാവിനെ കണ്ടെത്താനായി സമാന്തരമായി നാട്ടുകാർ അന്വേഷണം നടത്തുകയാണ്