കൊടുങ്ങല്ലൂർ: തേക്കിൻ തടിയിൽ പ്രധാനമന്ത്രിയുടെ പൂർണ്ണകായ പ്രതിമ തീർത്ത് രവീന്ദ്രൻ ശിൽപശാല. ബി.ജെ.പി തൃശൂർ ജില്ലാ കമ്മറ്റി ഓഫീസിൽ സ്ഥാപിക്കുന്നതിനു വേണ്ടിയാണ് കൊടുങ്ങല്ലൂർ സ്വദേശിയായ രവീന്ദ്രൻ ആറര അടി ഉയരവും ആറിഞ്ച് കനവുമുള്ള നരേന്ദ്ര മോദിയുടെ ശിൽപം ഒരുക്കിയിട്ടുള്ളത്. അമ്പത് ദിവസം നീണ്ട പരിശ്രമത്തിലൂടെയാണ് രവീന്ദ്രനും സഹായി സിയാദും ചേർന്ന് ശിൽപ്പം നിർമ്മിച്ചത്. ശ്രീനാരായണപുരം ശംഖു ബസാറിലുള്ള രവീന്ദ്രൻ്റെ വീടിനോട് ചേർന്നുള്ള പണിശാലയിലാണ് ശിൽപം പൂർത്തിയാക്കിയത്. മൂന്ന് ലക്ഷത്തോളം രൂപ ശിൽപ്പത്തിൻ്റെ നിർമ്മാണത്തിന് ചിലവായതായി രവീന്ദ്രൻ പറഞ്ഞു. ഭാരതാംബ ഉൾപ്പടെയുള്ള നിരവധി ശിൽപങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനായ രവീന്ദ്രൻ പ്രശസ്ത ശിൽപി ഡാവിഞ്ചി സുരേഷിൻ്റെ സഹോദരനാണ്.