തൃപ്രയാർ: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെയും, 100 % വിജയം നേടിയ സ്കൂളുകളെയും ആദരിക്കുന്ന നാട്ടിക നിയോജക മണ്ഡലം എംഎൽഎ വിദ്യാഭ്യാസ അവാർഡ് ജൂൺ 16 ന് രാവിലെ 10 മണിക്ക് തൃപ്രയാർ ടിഎസ്ജിഎ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മാധ്യമ പ്രവർത്തന രംഗത്ത് നിസ്വാർത്ഥ സേവനം കാഴ്ച്ച വെച്ച മാധ്യമപ്രവർത്തകർക്ക് അനുമോദനവും ചടങ്ങിൽ നടക്കും. നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കേരള റവന്യൂവകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ, തൃശൂർ റൂറൽ എസ്പി നവനീത് ശർമ, മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ, മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി.പി. നന്ദകുമാർ, ആസാ ഗ്രൂപ്പ് & സി.പി ട്രസ്റ്റ് ചെയർമാർ സി.പി. സാലിഹ്, എ.യു. രഘുരാമ പണിക്കർ, ജില്ലാപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് – ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. എസ്.എസ്.എൽ.സി. പ്ലസ്ടു ഫുൾ A+ നേടിയ 1024 വിദ്യാർത്ഥികളെയും 100% വിജയം നേടിയ 20 സ്കൂളുകളേയും മാധ്യമ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച 40 മാധ്യമ പ്രവർത്തകരെയും ചടങ്ങിൽ ആദരിക്കും.
പ്രത്യേക അറിയിപ്പ്
അവിണിശ്ശേരി, പാറളം, ചേർപ്പ്, ചാഴൂർ, താന്ന്യം, അന്തിക്കാട്, വലപ്പാട് പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ ദേശീയ പാത നിർമ്മാണം നടക്കുന്നതിനാൽ ടി.എസ്.ജി.എ സ്റ്റേഡിയത്തിലേക്ക് വരുന്നതിനായി തൃപ്രയാർ ആൽമാവ് ജങ്ങ്ഷനിൽ നിന്ന് പോളി ജങ്ങ്ഷൻ വഴി തിരിഞ്ഞ് നേരേ ഓഡിറ്റോറിയത്തിൻ്റെ പുറകിലൂടെ കയറുകയും നാട്ടിക, തളിക്കുളം പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ തൃപ്രയാർ സെഞ്ച്വറി പ്ലാസ ഓഡിറ്റോറിയത്തിന് മുമ്പിലൂടെയോ, ജെകെ സിനിമാസ് തിയ്യേറ്ററിന് മുമ്പിലൂടെയുള്ള വഴിയോ ദേശീയ പാത നിർമ്മാണ പ്രവർത്തനം നടക്കുന്ന റോഡിലൂടെ തിരിഞ്ഞ് ഓഡിറ്റോറിയത്തിൽ എത്തിച്ചേരേണ്ടതാണ്.