തളിക്കുളം: ഗ്രാമപഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതി പ്രകാരം വിളർച്ച ബാധിച്ച സ്ത്രീകൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കുമുള്ള പോഷകാഹാര കിറ്റ് വിതരണം നടത്തി. “ആരോഗ്യമുള്ള ഭാവിക്ക് ആരോഗ്യമുള്ള വനിത” എന്ന ലക്ഷ്യം വെച്ചുകൊണ്ട് തളിക്കുളം പഞ്ചായത്തിലെ സ്ത്രീകളിൽ അനീമിയ പരിശോധന നടത്തി. ഇതിൽ നിന്നും തിരഞ്ഞെടുത്ത 300 സ്ത്രീകൾക്കാണ് പോഷകാഹാര കിറ്റ് വിതരണം ചെയ്തത്. അണ്ടിപ്പരിപ്പ്, ബദാം പരിപ്പ്, ഉണക്ക മുന്തിരി, ഈന്തപ്പഴം, അയേൺ ടാബ്ലറ്റ് എന്നിവ അടങ്ങിയ കിറ്റാണ് ഓരോരുത്തർക്കും വിതരണം ചെയ്തത്. പോഷകാഹാരകുറവ് മൂലം സ്ത്രീകൾക്ക് ഉണ്ടാകുന്ന വിളർച്ച ഇല്ലാതാക്കി ഊർജസ്വലരായ വനിതകളെ വാർത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിളർച്ച ബാധിച്ച പട്ടികജാതി വനിതകൾക്കായി 1,50000/- രൂപയും, കൗമാരക്കാരായ പെൺകുട്ടികൾക്കും വനിതകൾക്കുമായി 1,50000/- രൂപയും വിളർച്ച ( ഹീമോഗ്ലോബിന്റെ അളവ് ) കണ്ടെത്തുന്നതിന് പരിശോധനക്കായി 1,00000/- രൂപയുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കിറ്റ് നൽകി ഒന്നര മാസത്തിന് ശേഷം ഗുണഭോക്താക്കളെ വീണ്ടും വിളർച്ച പരിശോധനക്ക് വിധേയരാക്കും. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അധ്യക്ഷത വഹിച്ച ചടങ്ങ് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. അനിത ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.കെ. ബാബു, ബുഷറ അബ്ദുൽ നാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർമാരായ സിംഗ് വാലത്ത്, സന്ധ്യാ മനോഹരൻ, സുമന ജോഷി, തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. സഫീർ, ഡോ. അജയ് രാജ്, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുജീബ്, ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അനീഷ. കെ.എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസറും നിർവഹണ ഉദ്യോഗസ്ഥയുമായ സിനി. കെ.എസ് പദ്ധതി വിശദീകരണം നടത്തി. അംഗനവാടി അധ്യാപകർ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.