കൊടുങ്ങല്ലൂർ: നഗരസഭയിൽ റോഡ് നിർമ്മാണ കരാറുമായി ബന്ധപ്പെട്ട ഹിയറിംഗ് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ടു. നഗരസഭയിലെ മൂന്ന് വാർഡുകളിലെ റോഡ് നിർമ്മാണക്കരാറുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ നടത്തിയ ഹിയറിംഗാണ് തടസപ്പെട്ടത്. ബിജെപി കൗൺസിലറും, നഗരസഭാ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ ഒ.എൻ ജയദേവനെ ഒഴിവാക്കി.
നഗരസഭാ ചെയർപേഴ്സൺ ഹിയറിംഗ് നടത്തിയെന്നാരോപിച്ചാണ് പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധവുമായി എത്തിയത്. ബിജെപിയുടെ എതിർപ്പിനെ തുടർന്ന് ഹിയറിംഗ് തടസപ്പെടുകയായിരുന്നു. എന്നാൽ ബിജെപിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഭരണപക്ഷം വ്യക്തമാക്കി. ഹൈക്കോടതി നിർദ്ദേശപ്രകാരം നഗരസഭാ സെക്രട്ടറിയും, എഞ്ചിനീയറുമാണ് ചെയർപേഴ്സൻ്റെ ചേംബറിൽ കരാറുകാരുടെ ഹിയറിംഗ് നടത്തിയതെന്നും, വസ്തുതകൾ മനസിലാക്കാതെ രാഷ്ട്രീയ ലാഭം നോക്കിയാണ് ബിജെപി പ്രതിഷേധവുമായി രംഗത്ത് വന്നതെന്നും നഗരസഭാ ചെയർപേഴ്സൺ ടി.കെ. ഗീതയും, വൈസ് ചെയർമാൻ വി.എസ്. ദിനലും പറഞ്ഞു.