തളിക്കുളം: ഒമാനിലെ സ്കൈലൈൻ ഗ്രൂപ്പുമായി സഹകരിച്ച് സ്നേഹസ്പർശം ചാരിറ്റി ഫൗണ്ടേഷൻ നിർമിച്ച 25 ാമത്തെ സ്നേഹഭവനത്തിന്റെ താക്കോൽദാനം നടന്നു. തളിക്കുളം നേതാജി നഗറിലുള്ള അർബുദ രോഗിയായ അമ്പലത്ത് വീട്ടിൽ ബഷീറിന്റെ കുടുംബത്തിനാണ് വീട് നിർമിച്ചുനൽകിയത്. കഴിഞ്ഞ തിരുവോണനാളിലാണ് വീടിന്റെ തറക്കല്ലിടൽ നടന്നത്. പത്തുമാസം കൊണ്ട് നിർമിച്ചത്.
പെരുന്നാൾ സമ്മാനമായിട്ടാണ് സ്കൈ ലൈൻ ഗ്രൂപ് ചെയർമാൻ കെ.സി. എബ്രഹാം കുടുംബത്തിന് വീട് കൈമാറിയത്. സ്നേഹസ്പർശം മുഖ്യ രക്ഷാധികാരി ടി.എൻ. പ്രതാപൻ അധ്യക്ഷത വഹിച്ചു. കാരുണ്യത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിട്ട ജീവകാരുണ്യ പ്രവർത്തകനായ അബ്ദുൽ അസീസ് തളിക്കുളത്തെ തളിക്കുളം പൗരാവരിക്കുവേണ്ടി കെ.സി. എബ്രഹാമും ടി.എൻ. പ്രതാപനും ചേർന്ന് ആദരിച്ചു. എസ്എസ്.എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്കാര സമർപ്പണവും നടത്തി. സ്നേഹസ്പർശം ഡയറക്ടർ പി.കെ. അബ്ദുൾ ഗഫൂർ, സെക്രട്ടറി പി.കെ. ഹൈദരാലി, മുൻ ജില്ല പഞ്ചായത്ത് അംഗം സി.എം. നൗഷാദ്, മലയാളം ഒമാൻ ചാപ്റ്റർ പ്രസിഡന്റ് അൻവർ ഫുല്ല, സ്നേഹസ്പർശം കോഓഡിനേറ്റർ മുഹമ്മദ് സഗീർ എന്നിവർ സംസാരിച്ചു.