വെങ്കിടങ്ങ്: കാൽ വഴുതി പുഴയിലേക്ക് വീണ അറുപത്കാരനെ രക്ഷിച്ച മത്സ്യതൊഴിലാളി യുവാവ് നാടിൻ്റെ അഭിമാനമായി. ഏനാമാക്കൽ കെട്ടുങ്ങൽ സ്വദേശി പുതുവീട്ടിൽ റഫീക്ക് ജമാൽ (43) ആണ് അതിസാഹസീകമായി പുഴയിൽ മുങ്ങിയും താഴ്ന്നും ഒഴുകി പോയ അറുപത്കാരനെ രക്ഷിച്ച് നാടിൻ്റെ അഭിമാനമായി മാറിയത്. മലയാളി അച്ചാറിൻ്റെ ഉടമ മണലൂർ സ്വദേശി ചിരുകണ്ടത്ത് രമേശിനെയാണ് റഫീക്ക് ജമാൽ അതിസാഹസികമായി രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. ശനിയാഴ്ച രാത്രി 8 മണിയോടടുത്താണ് സംഭവം. കൂട്ടുക്കാരുമൊത്ത് റഗുലേറ്ററിന് സമീപം എത്തിയതായിരുന്നു രമേശൻ. കാലിലെ ചെളി കഴുകി കളയാൻ ഏനാമാവ് പാർക്കിനോട് ചേർന്നുള്ള റഗുലേറ്ററിൻ്റെ ഭാഗത്ത് പുഴയിലേക്കുള്ള ചവിട്ടുപടികൾ ഇറങ്ങി കാൽ കഴുകുന്നതിനിടെ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. നീന്തൽ അറിയാമായിരുന്ന രമേശൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാലിൽ മസിൽ കയറിയതിനെ തുടർന്ന് നീന്താൻ പറ്റാതായി.
ഈ സമയം കുളവാഴ കുട്ടത്തിൽ പിടിച്ച് രക്ഷിക്കണേ എന്ന് അലറി വിളിച്ച് പറയുന്നത് കരയിലുള്ളവർ കേൾക്കാൻ ഇടയായി. വിവരമറിഞ്ഞ് പാഞ്ഞെത്തിയ റഫീഖ് കലുഷിതമായ കാലാവസ്ഥയേയും ഇരുട്ടിനെയും അവഗണിച്ച് തൻ്റെവഞ്ചിയുമായി പുഴയിലിറങ്ങി രമേശിനെ രക്ഷപ്പെടുത്തുകയായിരുന്നു. മരണകയത്തിൽ നിന്നും ഒരു ജീവൻ രക്ഷിച്ചെടുത്ത യുവാവിന് അഭിനന്ദന പ്രവാഹമാണ്. സിപിഐഎം മണലൂർ, വെങ്കിടങ്ങ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ റഫീഖ് ജമാലിനെ ഷാൾ അണിയിച്ച് ആദരിച്ചു. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് ഇൻചാർജ്ജ് മുംതാസ്റസാഖ്, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജു വലിയ കത്ത്, സിപിഐഎം മണലൂർ ലോക്കൽ കമ്മിറ്റിയംഗം സുധർമ്മൻചിരുകണ്ടത്ത്, കെ.ടി. അരവിന്ദ്.എന്നിവർ സംസാരിച്ചു.