കടപ്പുറം: പഞ്ചായത്തിലെ കടലാക്രമണം ചെറുക്കാൻ ശാസ്ത്രീയവും ശാശ്വതവുമായ പദ്ധതികൾ വേണമെന്ന് കടപ്പുറം മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് നളിനാക്ഷൻ ഇരട്ടപ്പുഴ ആവശ്യപ്പെട്ടു. കടൽഭിത്തി എന്നപേരിൽ ചെറിയ കരിങ്കല്ലുകൾ പാകി കെട്ടിപ്പൊക്കിയ ഭിത്തികൾക്ക് ഒരുവർഷം പോലും ആയുസ്സുണ്ടാവാറില്ല. ഇങ്ങനെ ഖജനാവിൽ നിന്ന് വർഷാവർഷം കോടികളാണ് കല്ലിട്ട് കടലിലേക്കൊഴുക്കുന്നത്. കടൽക്ഷോഭം മൂലം ഏറെ ദുരിതം നേരിട്ട കടപ്പുറം പഞ്ചായത്തിലെ തീരമേഖലയിൽ ഇതുവരെ നിർമ്മിച്ച കടൽഭിത്തികളൊക്കെ കടൽ വിഴുങ്ങിയിട്ടും കടലാക്രമണ പ്രദേശങ്ങൾ റവന്യൂ അധികൃതരും ജനപ്രതിനിധികളും സന്ദർശിച്ച് മടങ്ങുന്നതല്ലാതെ ശാസ്ത്രീയമായ പരിഹാര പദ്ധതികളൊന്നും നടപ്പിലാക്കുന്നില്ലെന്ന് നളിനാക്ഷൻ ഇരട്ടപ്പുഴ പറഞ്ഞു.കടപ്പുറം പഞ്ചായത്തിലെ ആശുപത്രിപ്പടി, അഞ്ചങ്ങാടി വളവ്, മൂസാറോഡ്, വെളിച്ചെണ്ണപ്പടി, മുനക്കക്കടവ് എന്നിവിടങ്ങളിലാണ് കടൽക്ഷോഭം രൂക്ഷമായിട്ടുള്ളത്. നിലവിലുണ്ടാക്കുന്ന സംവിധാനങ്ങളെല്ലാം താൽക്കാലികവും ഒറ്റവർഷം കൊണ്ട് കടലെടുത്ത് നശിച്ചുപോകുന്നതുമാണെന്നും ശാസ്ത്രീയമായ നിർമ്മിതികളാണ് വേണ്ടതെന്നും നളിനാക്ഷൻ പറഞ്ഞു.
next post