കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ മേഖലയിലെ ഉൾനാടൻ മത്സ്യ ബന്ധന തൊഴിലാളികൾ പട്ടിണിയുടെ പിടിയിൽ. കൊടുങ്ങല്ലൂരിലെ ആനാപ്പുഴ കേന്ദ്രീകരിച്ചുള്ള പുഴയോരങ്ങളിൽ നിരവധി ഊന്നി വലകളുണ്ട്. ചിങ്ങം ഒന്ന് മുതൽ കർക്കിടകം മുപ്പത്തി ഒന്ന് വരെയുള്ള സീസണിലാണ് ഊന്നി വല തൊഴിലാളികളുടെ പ്രതീക്ഷ.
എന്നാൽ ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് പ്രദേശത്തെ ഒട്ടുമിക്ക ഊന്നി വലകളും പാടെ നശിച്ചു. മഴയെ തുടർന്ന് പുഴയിൽ ജലനിരപ്പുയരുകയും, പെരിങ്ങൽകുത്ത് ഡാം തുറക്കുകയും ചെയ്തതാണ് ഊന്നി വലകൾ നശിക്കാൻ കാരണമായത്. ശക്തമായ വേലിയിറക്കത്തിനിടയിൽ മാലിന്യം ഒന്നാകെ വന്നടിഞ്ഞ് വലകൾ കീറുകയും, ഊന്നി കുറ്റികൾ കടപുഴകിപ്പോകുകയും ചെയ്തു. പുതിയ വലയും, കുറ്റിയും സ്ഥാപിക്കുന്നത് അമ്പതി നായിരത്തോളം രൂപ ചിലവ് വരുമെന്ന് തൊഴിലാളികൾ പറയുന്നു. ഇത്തരത്തിൽ നിരവധി വലകളാണ് ഓരോ തൊഴിലാളിക്കും നഷ്ടമായത്. അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തെ തുടർന്ന് മത്സ്യതൊഴി കുടുംബങ്ങൾ പട്ടിണിയിലാകുന്ന അവസ്ഥയിലാണുള്ളത്.