കൊടുങ്ങല്ലൂർ: വ്യാപാര സ്ഥാപനത്തിൽ പരിശോധനക്കെത്തിയ ലീഗൽ മെട്രോളജി ഇൻസ്പെക്ടറെ തടഞ്ഞ കേസിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ഉൾപ്പടെ മൂന്ന് പേരെ കോടതി ശിക്ഷിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ വിനോദ് കുമാർ, കൊടുങ്ങല്ലൂരിലെ ഗിഫ്റ്റ് ഹൗസ് ഉടമ സലിൽ, മാനേജർ അനൂപ് എന്നിവരെയാണ് കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്. വിനോദ് കുമാറിന് ആറ് മാസം തടവും, സലിൽ, അനൂപ് എന്നിവർക്ക് മൂന്ന് മാസം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ.
തുടർന്ന് മൂന്ന് പേർക്കും കോടതി ജാമ്യവും, അപ്പീൽ സമർപ്പിക്കാൻ ഒരു മാസത്തെ കാലാവധിയും അനുവദിച്ചു. 2016 ഒക്ടോബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടുങ്ങല്ലൂർ വടക്കേനടയിലുള്ള ഗിഫ്റ്റ് ഹൗസ് എന്ന സ്ഥാപനത്തിൽ മുൻകൂർ നോട്ടീസില്ലാതെ പരിശോധന നടത്താൻ എത്തിയ ഉദ്യോഗസ്ഥരെയാണ് വ്യാപാരികൾ തടഞ്ഞത്. സർക്കാരിനു വേണ്ടി അസി.പബ്ലിക് പ്രോസിക്യൂട്ടർ ജെയിംസ് കാരണത്ത് ഹാജരായി.