തൃശൂർ: ചാവക്കാട് ഒരുമനയൂരിൽ യുവാവ് റോഡിൽ നാടൻ ബോംബ് എറിഞ്ഞു പൊട്ടിച്ചത് മാതാവുമായുള്ള തർക്കത്തെത്തുടർന്നാണെന്ന് പ്രതിമ സ്താൻ ഷെഫീഖ്. വീട്ടിൽ ബോംബ് സൂക്ഷിച്ചത് മാതാവ് ചോദ്യം ചെയ്തതോടെ മദ്യലഹരിയിൽ ഷെഫീക്ക് ബോംബ് റോഡിൽ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. ബോംബുണ്ടാക്കി സൂക്ഷിക്കുന്നതിൽ വാക്കുതർക്കമുണ്ടായെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. നേരത്തെ 20 അധികം കേസുകളിൽ പ്രതിയായ മസ്താൻ ഷെഫീഖ് ബോംബ് നിർമ്മിക്കുന്നതിൽ വൈദഗ്ധ്യമുള്ള ആളാണെന്നാണ് പൊലീസ് നൽകുന്ന വിവരം. നാലുമാസം മുമ്പ് ബോംബ് നിർമിച്ച് വീടിനുമുകളിൽ സൂക്ഷിക്കുകയായിരുന്നു.
ഇതേ ചൊല്ലി ഇന്ന് മാതാവുമായി വാക്ക് തർക്കമുണ്ടായി. ഇതിന്റെ വൈരാഗ്യത്തിൽ മദ്യ ലഹരിയിൽ ആയിരുന്ന ഷെഫീക്ക് ബോംബ് റോഡിൽ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. ഷെഫീക്കിന്റെ വീട്ടിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിലേക്ക് പടക്കമെറിഞ്ഞതിൽ മണ്ണുത്തി സ്റ്റേഷനിൽ ഷെഫീക്കിന്റെ പേരിൽ കേസുണ്ട്. ചാവക്കാട് ഒരുമനയൂരിലാണ് സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരുമനയൂരിൽ താമസിക്കുന്ന മസ്താൻ ഷെഫീക്കിനെയാണ് ചാവക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നുച്ചയ്ക്ക് രണ്ടേകാലോടെ ചാവക്കാട് ഒരുമനയൂർ ആറാം വാർഡ് ശാഖാ റോഡിലാണ് ഉഗ്ര ശബ്ദത്തോടെ നാടൻ ബോംബ് പൊട്ടിത്തെറിച്ചത്.