തൃശ്ശൂർ: സംസ്ഥാനത്തെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട; രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരിൽ ഒരാൾ പിടിയിൽ. ചൊവ്വാഴ്ച രാത്രി നടത്തിയ വാഹനപരിശോധനയ്ക്കിടെ ഒല്ലൂർ പി.ആർ പടിയിൽ കാറിൽ കടത്താൻ ശ്രമിച്ച രണ്ടരക്കോടിയുടെ മയക്കുമരുന്ന് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ഒല്ലൂർ പോലീസും ചേർന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ പയ്യന്നൂർ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇയാളിൽനിന്ന് 9000 എം.ഡി.എം.എ. ഗുളികകൾ കണ്ടെടുത്തതായാണ് വിവരം. കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ. വേട്ടയാണിതെന്നും പോലീസ് പറയുന്നു. എറണാകുളത്തുനിന്ന് കാറിൽ തൃശ്ശൂരിലേക്ക് വരികയായിരുന്നു പ്രതി. കാറിൽനിന്ന് ഏതാനും എം.ഡി.എം.എ. ഗുളികകൾ കണ്ടെടുത്തു. പിന്നാലെ ഇയാളുടെ ആലുവയിലെ വീട്ടിൽ നടത്തിയ പരിശോധനയിലും നിരവധി മയക്കുമരുന്ന് ഗുളികൾ പിടിച്ചെടുത്തു. ഇവയെല്ലാംകൂടി രണ്ടരക്കിലോ തൂക്കം വരുമെന്നാണ് പോലീസ് നൽകുന്ന വിവരം.