തളിക്കുളം: ജല്‍ജീവന്‍ മിഷന്‍ കുടിവെള്ള പൈപ്പ് ഇടാന്‍ പൊളിച്ച റോഡ് പുനര്‍നിര്‍മ്മിക്കാന്‍ നല്‍കിയ 6 കോടി രൂപ എന്ത് ചെയ്തുവെന്ന് തളിക്കുളം ഗ്രാമപഞ്ചായത്ത് വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഹാറൂണ്‍ റഷീദ് ആവശ്യപ്പെട്ടു. സ്‌നേഹതീരം റോഡ് ഉള്‍പ്പെടെ തകര്‍ന്ന് കിടക്കുന്ന ഗ്രാമീണ റോഡുകള്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് തളിക്കുളം പഞ്ചായത്ത് കമ്മിറ്റി നടത്തിയ സൗജന്യ തൈല വിതരണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരാറില്‍ ഏര്‍പ്പെട്ടും അല്ലാതെയും നിരവധി റോഡുകളാണ് തളിക്കുളത്ത് സഞ്ചാരയോഗ്യമല്ലാതെ താറുമാറായി കിടക്കുന്നത്. 2005ല്‍ യുഡിഎഫ് ഭരണകാലത്ത് സി.ആര്‍.എഫ്. ഫണ്ടില്‍ അഞ്ച് കോടി രൂപ അനുവദിച്ചുകൊണ്ടാണ് സ്‌നേഹതീരം മുതല്‍ പൂങ്കുന്നം വരെ റബ്ബറൈസ്ഡ് ചെയ്തത്.
അതിന് ശേഷം ഒരു അറ്റകുറ്റ പണിയും ഇതുവരെ നടത്തിയിട്ടില്ല. ഇപ്പോള്‍ പൈപ്പ് ഇടുന്നതിന് റോഡിന്റെ ഇരുവശവും പൊളിച്ച് ഒട്ടും സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. നിരവധി വാഹനങ്ങളും വിനോദ സഞ്ചാരികളും യാത്ര ചെയ്യുന്ന സ്‌നേഹതീരം റോഡ് തളിക്കുളം ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു റോഡാണ്. കോടികള്‍ ചെലവഴിച്ച് പൈപ്പുകള്‍ സ്ഥാപിച്ചുവെങ്കിലും ഒരിറ്റു വെള്ളം പോലും പൈപ്പില്‍ ലഭിക്കുന്നില്ല. രണ്ട് ലക്ഷം രൂപയാണ് പൊതുടാപ്പുകള്‍ക്കായി പഞ്ചായത്ത് വാട്ടര്‍ അതോറിറ്റിയില്‍ അടക്കുന്നത്. പൊതുടാപ്പുകളിലും ഇപ്പോള്‍ വെള്ളം ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്. നാഷണല്‍ ഹൈവേ അതോറിറ്റി ഭൂമി ഏറ്റെടുത്തപ്പോള്‍ ഉടമകള്‍ക്ക് നല്‍കിയ പൊന്നുംവില പ്രകാരം പഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ നിലനിന്നിരുന്ന സ്ഥലം ഏറ്റെടുത്ത വകയില്‍ ഏകദേശം 30 കോടിയോളം രൂപ പഞ്ചായത്തിന് ലഭിക്കാനുണ്ട്. ആധാരം ഉള്‍പ്പെടെയുള്ള രേഖകള്‍ നഷ്ടപ്പെട്ടതിനാല്‍ ഇനിയും ആ തുക പഞ്ചായത്തിന് ലഭിച്ചിട്ടില്ല. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കെട്ടിടത്തില്‍ വാടകക്കാണ് ഇപ്പോള്‍ പഞ്ചായത്ത് പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ ശക്തമായ ജനരോക്ഷം നിലനില്‍ക്കുകയാണ്. സമരപരിപാടി മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എം. അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.എസ്. റഹ്മത്തുള്ള, വി.കെ. നാസര്‍, വി.വി. അബ്ദുൾ റസാഖ്, എ.എച്ച്. നാസർ, കെ.എസ്. സുബൈർ, സുലൈമാൻ ഹാജി, എ.എ. ഹംസ, ഇ.എച്ച്. ഖാലിദ് തുടങ്ങിയവർ പ്രസംഗിച്ചു.