അരിമ്പൂർ: മനക്കൊടി ഗീവർഗ്ഗീസ് സഹദായുടെ തീർത്ഥ കേന്ദ്രത്തിൽ മോഷണം. കപ്പേളയുടെ ഒരു വശത്തെ ജനൽ ചില്ലുകൾ തകർത്ത നിലയിലാണ്. രൂപക്കൂടിൻ്റെ ഒരു വശവും തകർത്തിട്ടുണ്ട്. ചില്ല് അടിച്ചുടച്ച മോഷ്ടാവ് രൂപത്തിൻ്റെ കഴുത്തിലുണ്ടായിരുന്ന കൊന്തമാല അപഹരിച്ചിട്ടുണ്ട്. ഭണ്ഡാരം കോൺക്രീറ്റ് കട്ട ഉപയോഗിച്ച് തകർക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. രൂപത്തിൻ്റെ കഴുത്തിലുണ്ടായിരുന്ന സ്വർണം പൂശിയ 2 മാലകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. കപ്പേളയുടെ വശത്തുള്ള ചില്ല് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്.
പുലർച്ചെ കപ്പേളയിലെത്തിയ കൈക്കാരന്മാരാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് അന്തിക്കാട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. വിവരമറിഞ്ഞ് നിരവധി വിശ്വാസികളാണ് കപ്പേളയിലേക്ക് എത്തുന്നത്. അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളിയുടെ കീഴിലുള്ള കപ്പേളയാണ് ഗീവർഗ്ഗീസ് സഹദായുടെ തീർത്ഥ കേന്ദ്രം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.