കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം പ്രവർത്തിച്ചിരുന്ന എറിയാടുള്ള ഭൂമിയിലാണ് കോടതി സമുച്ചയം നിർമ്മിക്കുക. നിലവിൽ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂൾ നിയമകാര്യ വകുപ്പിൻ്റെ ചിലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നും അമ്പത്തിനാല് സെൻ്റ് സ്ഥലമാണ് കോടതി സമുച്ചയ നിർമ്മാണത്തിനായി നിയമകാര്യ വകുപ്പിന് കൈമാറുക.
ഭൂമി കൈമാറ്റം സംബന്ധിച്ച് വിവിധ വകുപ്പുകൾ തമ്മിൽ ധാരണയായ സാഹചര്യത്തിൽ കോടതി സമുച്ചയ നിർമ്മാണം വൈകാതെ ആരംഭിക്കും. മുൻസിഫ് കോടതിയും, ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയ കൊടുങ്ങല്ലൂർ നഗരമധ്യത്തിലാണ് പ്രവർത്തിക്കുന്നത്. ഗ്രാമീണ ന്യായാലയം മതിലകം ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലും, പോക്സോ കോടതി വാടകക്കെട്ടി ടത്തിലുമാണുള്ളത്.