അന്തിക്കാട്: താന്ന്യം – അന്തിക്കാട് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ശ്രീരാമൻചിറ പാടശേഖരത്തിലെ 82 ഏക്കർ വട്ടപാടത്ത് കൃഷി ഒഴിഞ്ഞ നേരമില്ല.25 വർഷം പൂർണ്ണമായും തരിശുകിടന്ന ഈ പാടശേഖരത്തിലെ നെൽകൃഷി തിരിച്ചുപിടിച്ചത് 2008ലാണ്. തരിശുരഹിതമാക്കിയതിന് ശേഷം ഈ പാടശേഖരത്തിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇടവേളകളില്ലാതെ ഈ പാടശേഖരം കൃഷി സജ്ജമാണ്. ഓണത്തിന് വിളവെടുക്കാനാകുന്ന വിധത്തിൽ ജ്യോതി നെൽചെടികൾ ഹരിതഭംഗിയാൽ വളരുകയാണ്. 55 ഏക്കർ സ്ഥലം താന്ന്യം പഞ്ചായത്തിലും ’27 ഏക്കർ അന്തിക്കാട് പഞ്ചായത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ ജില്ലയിലെ തന്നെ പടിഞ്ഞാറൻ മേഖലയിലെ വിരിപ്പ് കൃഷി ചെയ്യുന്ന ഏക പാടശേഖരമാണ് ശ്രീരാമൻചിറ. പണ്ടത്തെ കാലം മുതൽ വിഷു കഴിഞ്ഞ് പാടത്തേക്ക് ഇറങ്ങി ഓണത്തിന് കൊയ്ത് കയറുന്ന സംവിധാനമാണ് ഇപ്പോഴും ഇവിടെ നിലനിൽക്കുന്നത്.
മഴയെ ആശ്രയിച്ചുള്ള കൃഷിയാണ്. ഞാറ്റുവേല നോക്കി വിത്ത് എറിയുകയും തിരുവാതിരയിൽ അത് പറിച്ചു നടുന്നതുമായ പഴയകാല കൃഷി കലണ്ടറാണ് ഇവിടെ പിന്തുടരുന്നത്. കാരണവന്മാരുടെ സങ്കല്പത്തിനനുസരിച്ച് തികച്ചും അനുയോജ്യമായ രീതിയിലാണ് ഇപ്പോഴും ഇവിടെ കൃഷി നടത്തിക്കൊണ്ടിരിക്കുന്നത്. മറ്റ് പാടശേഖരങ്ങൾ വർഷ കാലത്ത് വെള്ളം കയറിയും കടുത്ത വേനലിൽ വറ്റിവരണ്ടും കിടക്കുമ്പോൾ ശ്രീരാമൻചിറ പാടശേഖരം എല്ല കാലാവസ്ഥയിലും വ്യത്യസ്ത കൃഷിയാൽ സമ്പന്നമാണ്. നെൽകൃഷിക്ക് ശേഷം ഇവിടെ സൂര്യകാന്തിയും തണ്ണിമത്തനും പച്ചക്കറികളും ചെണ്ടുമല്ലിയും വിരിയും. ഈ പാടശേഖരത്തിൻ്റെ മറ്റൊരു പ്രത്യേകത തൊഴിലാളികൾക്ക് ക്ഷാമമില്ലെന്നതാണ് .ആവശ്യമായ തൊഴിലാളികളെ ശേഖരിച്ച് എല്ലാ പ്രവർത്തനങ്ങളും പാടശേഖര സമിതിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. എല്ലാവർക്കും തൊഴിലാളികളെ ലഭ്യമാക്കി ഒരു അറ്റത്തുനിന്ന് തുടങ്ങുന്ന വിളവിറക്ക് മറ്റേ അറ്റത്ത് അവസാനിപ്പിക്കുന്ന രീതിയിലാണ് കൃഷി ചെയ്യുന്നത്. വിളവെടുക്കുന്നതും ഇതേ രീതിയിൽ തന്നെയാണ് എന്നതിനാൽ പരാതികൾ ഒഴിവാക്കാനാകുന്നതോടൊപ്പം കർഷകർക്ക് വളരെയധികം സാമ്പത്തിക ലാഭം ഉണ്ടാക്കി കൊടുക്കാനും സാധിക്കുന്നുണ്ട്. നിരവധി തവണ മഴക്കാലത്ത് കൃഷി മുങ്ങി പോയ അനുഭവങ്ങളും ഇവർക്കുണ്ടായിട്ടുണ്ടു്. ഈ പ്രതിസന്ധികളെയൊക്കെ തരണം ചെയ്തുകൊണ്ടാണ് ഇവിടുത്തെ കർഷകർ ഇപ്പോഴും നല്ല രീതിയിൽ കൃഷി നടത്തുന്നത്. നാടിൻ്റെ തനിമ നഷ്ടപ്പെടാതെ കൂടുതൽ ആളുകളെ കൃഷിയിലേക്ക് ആകർഷിക്കാനും ഇവർക്ക് കഴിയുന്നുണ്ട്. അന്തിക്കാട് – താന്ന്യം പഞ്ചായത്തുകളിൽ നിന്നുമുള്ള രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികളാണ് ഇപ്രാവശ്യം വട്ടപാടത്ത് വിത്തെറിഞ് വിതയുത്സവം കെങ്കേമമാക്കിയത്. ഇവിടെ വിളയുന്നതിൽ നിന്നുമുള്ള നെല്ലിൽ നിന്നും പുത്തൻപീടിക സെൻ്റ് ആൻ്റണീസ് ചർച്ചിൻ്റെ ഊട്ടു തിരുനാളിന് ആവശ്യമായ അരിക്കുള്ള നെല്ല് കൊടുക്കും.ചെമ്മാപ്പിള്ളി ജുമാ മസ്ജിദിൻ്റെ നേർച്ചക്ക് വേണ്ടി 50 സെൻ്റ് പാടശേഖരത്തിലെ നെല്ല് നൽകും. കാഞ്ഞിരചോട് ഭഗവതി ക്ഷേത്രത്തിലേക്കും സമാന വിഹിതം നൽകുമെന്ന് പടവ് സെക്രട്ടറി വിൽസെൻ പുലിക്കോട്ടിൽ പറഞ്ഞു.വർഷ കാലത്തും വേനലിലും ശ്രീരാമൻ പാടശേഖരത്തിൻ്റെ കാവലാളും രക്ഷകനുമാകുന്നത് പാടശേഖരത്തിനോട് ചേർന്ന് കടന്ന് പോകുന്ന പ്രധാന തോടാണ്. അന്തിക്കാട് പഞ്ചായത്തിലെ പടിയം വില്ലേജ് ഓഫീസ് പരിസരത്ത് നിന്ന് ഉത്ഭവിച്ച് താന്ന്യം പഞ്ചായത്തിന്റെ കണ്ണഞ്ചിറ പുളിക്കെട്ടിൽ നോട് ചേർന്ന് കാനോലി ക്കാണ് ഈ തോട് ഒഴുകി ചേരുന്നത്. പുളി വരുന്ന സമയം താന്ന്യം പഞ്ചായത്ത് അധികൃതർ പുളിക്കെട്ട് കെട്ടുകയും ഉപ്പുവെള്ളം പാടശേഖരത്തിലേക്ക് കടക്കാതെ ശ്രദ്ധിക്കുകയും ചെയ്യുന്നു. പ്രധാനമായും കൃഷിക്കാവശ്യമായ ജലം ലഭിക്കുന്നത് ഈ തോട്ടിൽ നിന്നാണ്. എല്ലാ പ്രാവശ്യവും കൃഷിയിറക്കുമ്പോൾ കുളവാഴയും ചണ്ടിയും നിറഞ്ഞു കിടക്കാറുണ്ട്. എന്നാൽ പഞ്ചായത്ത് അധികൃതർ മൈനർ ഇറിഗേഷൻ വകുപ്പിൻ്റെ സഹകരണത്തോടെ ചണ്ടിയും കുളവാഴയും മറ്റും നീക്കം ചെയ്ത് കൃഷിയിറക്കാനാവശ്യമായ കര്യങ്ങൾ നമുക്ക് ഒരുക്കി തരുന്നതായി പടവ് കമ്മിറ്റി ഭാരവാഹികൾ പറയുന്നു. അഡ്വ.വി എസ് സുനിൽകുമാർ, പ്രമുഖ പ്രവാസി വ്യവസായി സി.പി. സ്വാലിഹ് എന്നിവർ മുഖ്യ രക്ഷാധികാരികളായുള്ള പാടശേഖര സമിതി എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവർത്തിക്കുന്നത്. മറ്റ് കോൾ മേഖലയിലെ താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക ലാഭത്തിൽ ഇവർ പിറകിലാണ്. മറ്റിടങ്ങളിൽ മൂന്ന് ടൺ വരെ വിളവ് കിട്ടുമ്പോൾ ഇവിടെ ഒന്നര ടൺ വിളവ് മാത്രമാണ് ലഭിക്കുന്നത്. എങ്കിലും കർഷകരെ കൃഷിയിൽ നിന്ന് അകറ്റാതിരിക്കാൻ വേണ്ടി എല്ലാ പ്രോത്സാഹനങ്ങളുമായി അന്തിക്കാട് – താന്ന്യം പഞ്ചായത്ത് ഭരണസമിതികളും ഒപ്പമുണ്ടന്ന് പടവ് ഭരണസമിതി പ്രസിഡൻ്റ് പി.വി. സുനിൽ, സെക്രട്ടറി വിൽസൺ പുലിക്കോട്ടിൽ, ട്രഷറർ ടി.കെ. ജയദേവൻ എന്നിവർ പറഞ്ഞു.