ശ്രീനാരായണപുരം: പടിഞ്ഞാറെ വെമ്പല്ലൂരിൽ റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. കൂനിയാറ കോളനി വൃന്ദാവനം റോഡിൽ നിന്നുമാണ് കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.ബാലസുബ്രഹ്മണ്യനും സംഘവും പതിനേഴ് സെൻ്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. പ്രദേശത്ത് പുറമെ നിന്നുമെത്തുന്ന യുവാക്കൾ രാത്രി സമയങ്ങളിൽ തമ്പടിച്ച് ലഹരി ഉപയോഗിക്കുന്നതായി സമീപവാസികൾ എക്‌സൈസ് സംഘത്തോട് പറഞ്ഞു. ചെടിയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അറിയിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എ.വി. മോയിഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എ.എസ്. രിഹാസ്, കെ.എം. സിജാദ്, ടി.വി. കൃഷ്ണവിനായക്, വി.എം. മുഹമ്മദ് ദിൽഷാദ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.