തൃശൂർ: മുളങ്കുന്നത്തുകാവ് കോഴിക്കുന്ന് കൊക്കുളങ്ങര ക്ഷേത്രത്തിനു സമീപത്തുള്ള ബേര്‍ഡ് ലോസ് ടൂവീലര്‍ സ്‌പെയര്‍ പാര്‍ട്‌സ് കമ്പനിയുടെ ഗോഡൗണിന് തീപിടിച്ചു. തൊഴിലാളികളിലൊരാള്‍ വെന്തു മരിച്ചു. നാലു തൊഴിലാളികളെ രക്ഷിച്ചു. പാലക്കാട് നെന്മാറ സ്വദേശി ലിബിനാണു മരിച്ചത്. തീപടര്‍ന്ന സമയത്തില്‍ ലിബിന്‍ ബാത്ത് റൂമിലായിരുന്നുവെന്നാണ് നിഗമനം. രാത്രി ഏഴരയോടെയായിരുന്നു തീപിടിത്തമുണ്ടായത്. അപകടസമയത്ത് അഞ്ചു തൊഴിലാളികളാണ് ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ വൈകിട്ട് അഞ്ചുമണിക്ക് ജോലി കഴിഞ്ഞ് പോയിരുന്നു. വെല്‍ഡിംഗ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
തീപടര്‍ന്നപ്പോള്‍ നാലു തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടു. ബാത്ത് റൂമില്‍നിന്നും ഒരാളുടെ നിലവിളി കേട്ടതായി തൊഴിലാളികള്‍ പറയുന്നു. വടക്കാഞ്ചേരിയില്‍നിന്നും തൃശൂരില്‍നിന്നും കുന്നംകുളത്തുനിന്നും പുതുക്കാട് നിന്നും ഫയര്‍ഫോഴ്‌സിന്റെ യൂണിറ്റുകള്‍ വന്നാണ് തീയണച്ചത്. ഇടുങ്ങിയ വഴിയായതിനാല്‍ വലിയ വാഹനങ്ങള്‍ ഇവിടെയെത്താന്‍ ബുദ്ധിമുട്ടായിരുന്നു. ഇതു രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. രാത്രിയോടെ ശക്തിയായ മഴപെയ്തതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു സഹായമായി. നൂറോളം ബൈക്കും ബുള്ളറ്റുകളും സ്‌പെയര്‍ പാര്‍ട്‌സുകളും കത്തിനശിച്ചവയില്‍ പെടുന്നു. ഒന്നരക്കോടി രൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കുന്നത്. വിനു, അനു എന്നീ സഹോദരങ്ങളുടെ സ്ഥാപനമാണിത്.