കാഞ്ഞാണി: പഞ്ചായത്ത് പ്രസിഡന്റുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് മണലൂർ പഞ്ചായത്ത് യോഗത്തിൽ നിന്ന് ഭരണകക്ഷിയംഗം ഇറങ്ങിപ്പോയി. യുഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. എട്ടാം വാർഡ് അംഗം ഷോയ് നാരായണനാണ് പ്രസിഡന്റ് സൈമൺ തെക്കത്തുമായുണ്ടായ തർക്കത്തെ തുടർന്ന് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.
ദീർഘകാലം ഭരിച്ച എൽഡിഎഫിനെ തോൽപ്പിച്ച് കഴിഞ്ഞ തവണയാണ് യുഡിഎഫ് പഞ്ചായത്ത് ഭരണം കൈക്കലാക്കിയത്. ധാരണ പ്രകാരം ആദ്യ ഘട്ടത്തിൽ കോൺഗ്രസിലെ പി.ടി. ജോൺസനായിരുന്നു പ്രസിഡന്റ്. പിന്നീടാണ് കോൺഗ്രസിലെ തന്നെ സൈമൺ തെക്കത്ത് പ്രസിഡന്റായത്. സൈമൺ പ്രസിഡന്റായ കഴിഞ്ഞ ഒന്നര വർഷ കാലയളവിൽ വാർഡുകളിൽ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് ആരോപിച്ചാണ് ബുധനാഴ്ച നടന്ന യോഗത്തിൽ ഷോയ് നാരായണൻ രംഗത്തെത്തിയത്. തൊഴിലുറപ്പ് തൊഴിലും നിശ്ചലമായതായി ഷോയ് ആരോപിച്ചു. വികസനം കാര്യക്ഷമതയോടെ നടക്കുന്നതായി പ്രസിഡന്റും തറപ്പിച്ചു പറഞ്ഞു. തർക്കം മൂത്തതോടെ ആരോപണത്തിൽ ഉറച്ച് ഷോയ് നാരായണൻ യോഗത്തിൽ നിന്ന് ഇറങ്ങി പോകുകയായിരുന്നു.