കുന്നംകുളം: അനുജനെ വധിക്കാൻ ശ്രമിച്ച കേസിൽ ജ്യേഷ്ഠനും മകനുമടക്കം മൂന്ന് പേർക്ക് ഏഴര വർഷം കഠിനതടവും 45,000 രൂപ പിഴയും. കുന്നംകുളം പോർക്കുളം കോട്ടയിൽ സത്യൻ (63), മകൻ ജിതിൻ (25), ജിതിന്റെ സുഹൃത്ത് കാട്ടകാമ്പാൽ നടുവിൽ പറമ്പിൽ ശ്രീജിത്ത് (27) എന്നിവരെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി ശിക്ഷിച്ചത്. സത്യന്റെ സഹോദരൻ കേശവനെ (60) വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ. 2018 മെയ് ആറ് വൈകിട്ട് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ഒരേ വീട്ടിലാണ് സത്യനും, ജിതിനും, കേശവും താമസിച്ചിരുന്നത്. കുടുംബ വഴക്ക് നേരത്തെ മുതൽ നിലനിന്നിരുന്നു. മരം മുറിക്കാരനായ കേശവൻ ജോലി കഴിഞ്ഞ് വന്ന് പുറത്തുള്ള കുളിമുറിയിലേക്ക് പോകുമ്പോൾ ഒന്നാം പ്രതിയായ ജിതിനും പിതാവ് സത്യനും ചേർന്ന് കേശവനെ ആക്രമിക്കുകയായിരുന്നു.