അരിമ്പൂർ: പഞ്ചായത്തിൽ കനത്ത മഴയെ തുടർന്ന് കിണർ ഇടിഞ്ഞു താഴ്ന്നു. സമീപത്തെ രണ്ടു വീടുകൾ തകർച്ച ഭീഷണിയിൽ. അരിമ്പൂർ ഒമ്പതാം വാർഡ് മാടാനി ലീല വിശ്വംഭരൻ്റെ വീട്ടുകിണറാണ് ഇടിഞ്ഞത്. ഇവരുടെ വീടും സമീപത്തെ പേരാത്ത് വത്സലയുടെ വീടും തകർച്ച ഭീഷണിയിലാണ്. ഇരുകുടുംബങ്ങളോടും സമീപത്തെ അംബേദ്കർ സാംസ്കാരിക നിലയത്തിലേക്ക് മാറി താമസിക്കാൻ നിർദ്ദേശം നൽകിയതായി വാർഡ് അംഗം കെ. രാഗേഷ് പറഞ്ഞു. ഉപയോഗിക്കാത്തതാണ് ഈ കിണർ അതുകൊണ്ടുതന്നെ ഈ കിണർ അടിയന്തരമായി മൂടി രണ്ടു വീടുകളുടെയും തകർച്ച ഭീഷണി ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. സംഭവമറിഞ്ഞ് വൈ. പ്രസിഡൻ്റ് സി.ജി. സജീഷ്, വാർഡ് അംഗം കെ. രാഗേഷ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.