തൃശൂര്‍: കാത്തിരുന്ന അനുഗ്രഹ വര്‍ഷമായി പുഴ ഒഴുകിയെത്തിയതോടെ താണിക്കുടത്തമ്മയ്ക്ക് ആറാട്ട്. തിമിര്‍ത്തു പെയ്ത മഴയില്‍ താണിക്കുടം തോട് എല്ലാ അശുദ്ധിയും ഒഴുക്കി കളഞ്ഞ് തെളിഞ്ഞതോടെ നിറഞ്ഞു തുളുമ്പി കരകവിഞ്ഞ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇതോടെ ഭക്ത മനസ്സുകള്‍ കാത്തിരുന്ന താണിക്കുടത്തമ്മയുടെ ആറാട്ടിന് കര്‍ക്കിടകപ്പുലരിയില്‍ തുടക്കമായി. നനദുര്‍ഗ്ഗയായ താണിക്കുടത്തമ്മയ്ക്ക് താണിക്കുടം തോട് കരകവിഞ്ഞൊഴുകി എത്തുമ്പോഴാണ് എന്നും ആറാട്ട്.
മറ്റു ക്ഷേത്രങ്ങളിലെ പോലെ വിഗ്രഹം ആരാധ്യനായി ക്ഷേത്രക്കുളത്തിലേക്ക് ഇവിടെ കൊണ്ടുപോകാറില്ല. എപ്പോഴാണോ തോടൊഴു കിയെത്തുന്നത് അപ്പോഴാണ് താണിക്കുടത്ത് ആറാട്ട്. ഈ അപൂര്‍വ്വ നിമിഷത്തിനു വേണ്ടി ഭക്തരും തട്ടകക്കാരും ജില്ലയുടെ പലഭാഗങ്ങളിലും ഉള്ളവരും കാത്തിരിക്കാറുണ്ട്. തോടാണെങ്കിലും പുഴ ഒഴുകിയെത്തി എന്നാണ് പൊതുവേ പറയാറുള്ളത്. പുഴ ഒഴുകിയെത്തി താണിക്കുടത്ത് ആറാട്ട് എന്നറിഞ്ഞാല്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തര്‍ താണിക്കുടത്തമ്മയ്ക്ക് ഒപ്പം ആറാട്ടില്‍ പങ്കുചേരാന്‍ എത്തും. താണി മരത്തിന്റെ ചുവട്ടില്‍ പ്രതിഷ്ഠയുള്ള, വെയിലും മഴയും മഞ്ഞും കാറ്റും ഏല്‍ക്കുന്ന നനദുര്‍ഗ്ഗയായ താണിക്കുടത്തമ്മയുടെ ക്ഷേത്രത്തിന് മേല്‍ക്കൂരയില്ല. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ താണിക്കുടത്ത് ആറാട്ടിനെത്തി. ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും വളണ്ടിയര്‍മാരും ഭക്തരെ സഹായിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ഉണ്ടായിരുന്നു.