കാഞ്ഞാണി: വാർഡിലെ ശുചീകരണ പ്രവർത്തിയടക്കം ചെയ്തുവരികേ മരിച്ച ബംഗാൾ സ്വദേശിയുടെ കുടുംബത്തിന് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ സഹായ ഹസ്തം. ബംഗാൾ ബ്രഹ്മപുരി സ്വദേശി ശരത്തിന്റെ (33) കുടുംബത്തിനാണ് മണലുർ പഞ്ചായത്ത് ആറാം വാർഡംഗം ടോണി അത്താണിക്കലിന്റെ നേതൃത്വത്തിൽ സഹായം നൽകിയത്. മൂന്ന് വർഷമായി മണലൂരിൽ വാടകക്ക് താമസിച്ച് വരുകയായിരുന്ന ശരത്ത് . ആറാം വാർഡിലെ കാന വ്യത്തിയാക്കുന്ന ജോലിയും ചെമ്മാപ്പിള്ളി ശ്രീരാമൻ ചിറയിൽ തണ്ണിമത്തൻ കൃഷിയിടത്തിലെ പണി ചെയ്തും വരുകയായിരുന്നു. ഇലക്ട്രീഷ്യൻ കൂടിയാണ്. പണിക്കായി വിളിച്ചാൽ ഓടിയെത്തുന്ന ശരത്തിനെ ഏവർക്കും പ്രിയമായിരുന്നു.. ഒരു മാസം മുമ്പ് ഭാര്യ സുമയും മകൻ സുബോജിത്തും മണലൂരിൽ എത്തി ശരത്തിനൊപ്പം താമസം തുടങ്ങി. മകനെ അന്തിക്കാട് കെ.ജി.എം.എൽ.പി.സ്കൂളിൽ പഠനത്തിനും ചേർത്തിരുന്നു.
ഈ മാസം അഞ്ചിനാണ് ശരത്തിനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെ കുടുംബം അനാഥത്തിലേക്ക് വഴി മാറുന്ന അവസ്ഥ വന്നു. ഇതോടെയാണ് കുടുംബത്തെ സഹായിക്കാൻ പഞ്ചായത്തംഗം ടോണി അത്താണിക്കൽ രംഗത്തിറങ്ങിയത്. 80.000 രൂപയോളം സ്വരൂപിച്ച് മൃതദേഹം നാട്ടിലെത്തിച്ചു. തുടർന്നും 50.000 രൂപയോളം സ്വരൂപിച്ചു. അന്തിക്കാട് പ്രസ് ക്ലബിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ വെച്ച് തുക അഡ്വ. എ.യു. രഘുരാമൻ പണിക്കർ ശരത്തിന്റെ പിതാവ് സുകുമാർ, മകൾ സംഗീത എന്നിവർക്ക് കൈമാറി. സജീവൻ, വിൻസെന്റ് എന്നിവരും ശരത്തിന്റെ സഹോദരൻ ഭരത് എന്നിവരും മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.