അരിമ്പൂർ: അരിമ്പൂർപഞ്ചായത്ത് മനക്കൊടി ഒമ്പതാം വാർഡിലെ അംബേദ്കർ നഗറിലെ മൂന്ന് വീട്ടുകാർ വെള്ളം കയറിയതിനെ തുടർന്ന് വീടൊഴിഞ്ഞു പോയി. സമീപത്തെ കൃഷ്ണൻ കോട്ട പാടശേഖരത്തിൽ വെള്ളം ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്നാണ് ഇവരുടെ വീടുകളിൽ വെള്ളം കയറിയത്. പേരാത്ത് ദശാന്തി ശിവരാമൻ, ഓമന ഗണേശൻ, വീരേ പറമ്പിൽ രാജൻ.എന്നിവരുടെ വീട്ടിനുള്ളിലേക്കാണ് വെള്ളം കയറിയത്. തുടർന്ന് ഈ വീട്ടുക്കാർ ബന്ധുവീട് കളിലേക്ക്മാറി.
വഴിയിലാകെ ചെളിയും വെള്ളവും നിറഞ്ഞതിനാൽ വീട്ടുസാധനങ്ങൾ വഞ്ചിയിലാണ് ബന്ധുവീട്ടിലേക്ക് മാറ്റിയത്. ഇവരുടെ വീടുകളിലേക്കുള്ള ഏക വഴി കെഎൽഡിസി ബണ്ടിലൂടെയാണ്. ഈ ബണ്ട് മണ്ണിട്ട് ഉയർത്തണമെന്ന ആവശ്യം ശക്തമാണ്. നിശ്ചിത ഉയരത്തിലും വീതിയിലും ബണ്ട് ഉയർത്തിയാൽ കൃഷ്ണൻ കോട്ട പാടശേഖരത്തിൽ നിന്നും വെള്ളം കടന്ന് വരുന്നത് ഒഴിവാക്കാൻ കഴിയുമെന്നും അതാടെ ഈ മൂന്ന് കുടുംബങ്ങളുടെ വീടുകളിൽ വെള്ളം കയറുന്നത് ഇല്ലാതാക്കാൻ കഴിയുമെന്നും കൂടാതെ ഈ കുടുംബങ്ങൾക്ക് വർഷകാലത്തും സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സൗകര്യവും ഒരുക്കാനാകുമെന്നും വാർഡ് അംഗം കെ. രാഗേഷ് പറഞ്ഞു.