അരിമ്പൂർ:ഫോണിലൂടെ വിളിച്ച് യുവതിയെ ഭയപ്പെടുത്തി കബളിപ്പിക്കാൻ ശ്രമം. പണം തട്ടിയെടുക്കുകയാണ് വിളിച്ചവരുടെ ലക്ഷ്യമെന്ന് വ്യക്തമായിതോടെ കുടുംബം പോലീസിൽ പരാതി നൽകി. എറവ് കപ്പൽ പള്ളിക്ക് സമീപം താമസിക്കുന്ന പതിയത്ത് സുധീഷിന്റെ ഭാര്യ ദിവ്യക്കാണ് കഴിഞ്ഞ ദിവസം മുംബൈയിലെ ഫെഡെക്സ് ഇന്റർനാഷണൽ എന്ന കൊറിയർ കമ്പനിയിൽലെ രാഗേഷ് ശുക്ല എന്ന് സ്വയം പരിചയപ്പെടുത്തിയ ആളുടെ വിളി എത്തുന്നത്. ഇംഗ്ളീഷിലായിരുന്നു സംസാരം. നിങ്ങളുടെ പേരിൽ മുംബൈയിൽ നിന്ന് റഷ്യയിലേക്ക് ഒരു കൊറിയർ ബുക്ക് ചെയ്ത് അയച്ചത് കൈപ്പറ്റാൻ ആളില്ലാത്തത് തിരികെ എത്തിയിട്ടുണ്ടെന്നും അത് പരിശോധിച്ചപ്പോൾ 2 ലാപ്ടോപ്പ്, വസ്ത്രങ്ങൾ, ക്രെഡിറ്റ് കാർഡ് എന്നിവയും 7 കി.ഗ്രാം. എം.ഡി.എം.എ. എന്നിവ കണ്ടെടുത്തതായും വിളിച്ചയാൾ പറഞ്ഞു.
യുവതി ആദ്യമൊന്ന് അമ്പരന്നെങ്കിലും തങ്ങൾക്ക് ഇങ്ങനെ ഒരു കാര്യം അറിവില്ലെന്ന് അറിയിച്ചു. ഫോൺ കട്ട് ചെയ്‌തെങ്കിലും തുടർച്ചയായി കോളുകൾ വന്നുകൊണ്ടിരുന്നു. ഇതിനിടക്ക് മുംബൈ സൈബർ ക്രൈം ഡിപ്പാർട്ട്മെന്റ് എന്ന പേരിൽ വാട്സാപ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ തിരിച്ചറിയൽ കാർഡ് സഹിതം സന്ദേശമെത്തി. ഫോട്ടോയിൽ ഉള്ളത് ആരുടെയെങ്കിലും വ്യാജ ചിത്രം ആയിരിക്കാം എന്നാണ് കരുതുന്നത്. പാർസൽ കമ്പനിയിലെ ആൾ എന്ന് പരിചയപ്പെടുത്തിയ ആളുടെ ഫോൺ വീണ്ടും വിളിച്ച് സൈബർ പൊലീസിലെ ഉദ്യോഗസ്ഥന് ഫോൺ കൈമാറുകയാണെന്നും ഓൺലൈനിൽ രെജിസ്റ്റർ ചെയ്ത കേസായതിനാൽ വീഡിയോ കോളിൽ വരണമെന്നും ആധാർ കാർഡ് കാണിക്കാനും ആവശ്യപ്പെട്ടു. ഒരു നിമിഷം പകച്ചു പോയ യുവതി ആധാർ കാർഡ് വീഡിയോ കോളിലൂടെ കാണിച്ചെങ്കിലും വീണ്ടും കാണിക്കാൻ പറഞ്ഞു മറുതലക്കൽ നിന്ന് നിർബന്ധം തുടങ്ങി. താൻ കബളിപ്പിക്കപ്പെടുകയാണെന്ന് മനസിലായതോടെ യുവതി ഫോൺ കട്ട് ചെയ്തു. പണം തട്ടിയെടുക്കാനുള്ള ഉദ്ദേശമാണ് ഫോൺ വിളിച്ചവരുടെ ലക്ഷ്യമെന്ന് മനസിലാക്കിയ യുവതി വീട്ടുകാരുടെ നിർദ്ദേശപ്രകാരം അന്തിക്കാട് പോലീസിൽ പരാതി നൽകി.