തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിൽ കർക്കടകത്തിലെ ആദ്യ ഞായറാഴ്ച തൃപ്രയാറിൽ നാലമ്പല തീർഥാടകരുടെ അഭൂതപൂർവമായ തിരക്കനുഭവപ്പെട്ടു. പുലർച്ചെ നട തുറക്കുന്നതിന് മണിക്കൂറുകൾ മുൻപുതന്നെ ഭക്തരുടെ വലിയ നിര രൂപപ്പെട്ടു. രാവിലെ ആറിന് ക്ഷേത്രത്തിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള എസ്.എൻ. ട്രസ്റ്റ് സ്കൂളും കവിഞ്ഞായിരുന്നു ഭക്തരുടെ നിര. പോലീസും ദേവസ്വം ജീവനക്കാരും സന്നദ്ധ പ്രവർത്തകരും ഭക്തരെ നിയന്ത്രിക്കാൻ നന്നേ പാടുപെട്ടു. ഉച്ചവരെ ഭക്തരുടെ തിരക്കനുഭവപ്പെട്ടു. വൈകീട്ടും നാലമ്പല തീർഥാടകർ ക്ഷേത്രത്തിലെത്തി. നിയന്ത്രണങ്ങൾ അവഗണിച്ചാണ് തീർഥാടകരുമായെത്തിയ വാഹനങ്ങൾ നിർത്തിയിട്ടത്. ടിപ്പു സുൽത്താൻ റോഡ്, ദേശീയപാത എന്നിവിടങ്ങളിലെല്ലാം തീർഥാടകരുടെ വാഹനങ്ങളായിരുന്നു.