അന്തിക്കാട്: പെരിങ്ങോട്ടുകര ദേവസ്ഥാനം ട്രസ്റ്റി അഡ്വ.പ്രവീൺ – അനഘ ദമ്പതികളുടെ മകൾ ദേവതീർത്ഥ റിക്കോർഡ് നേടിയതിൻ്റെ ത്രില്ലിലാണ്. നാൽപ്പത്തിരണ്ട് സെക്കൻ്റിൽ 49 ഭരതനാട്ട്യ ഹസ്ത ഭേദ മുദ്രകൾ അവതരിപ്പിച്ച് ദേവതീർത്ഥ പ്രവീൺ ഇന്ന് ഇന്ത്യൻ ബുക്സ് ഓഫ് റകോർഡ്സിലും ഏഷ്യൻ ബുക്ക്സ് ഓഫ് റകോർഡ്സിലും ഇടം നേടി മിന്നും താരമായി മാറിയിരിക്കുന്നതിൻ്റെ ആവേശം. 5 തരം ഭരതനാട്ട്യ ഹസ്ത ഭേദ മുദ്രകളിൽ 8 ബാന്ധവം, 17 ദേവതാ,9 നവഗ്രഹം, 10 ദശാവദാരം,5 ജാതിഹസ്താസ് എന്നിങ്ങനെ 49 മുദ്രകൾ സെക്കൻ്റുകൾ കൊണ്ട് കൈ മുദ്രകളിൽ അവതരിപ്പിച്ചാണ് അവാർഡിന് അർഹത നേടിയത്. ദേവസ്ഥാനം കലാപീഠത്തിൽ ആർഎൽവി ദിവ്യയുടെ ശിക്ഷണത്തിലാണ് പരിശീലനം.
ഇതേ വിഷയത്തിൽ ഗുരു നേടിയ നേട്ടമാണ് പ്രചോദനമായതെന്ന് ദേവതീർത്ഥ പറയുന്നു. നാട്ടിക ലേമർ പബ്ലിക്ക് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി യായിരിക്കെയാണ് ഈ നേട്ടം കൈവരിച്ചത് എന്നതും ശ്രദ്ധേയം. കഴിഞ്ഞ 2 വർഷമായി ഭരതനാട്ട്യം ഉൾപ്പെടെയുള്ള ക്ലാസിക്ക് കലകളിൽ പരിശീലനത്തിലാണ് ഈ കൊച്ചു മിടുക്കി. പാട്ടു പഠിക്കുന്ന ഈ മിടുക്കി ഡ്രോയിങ്ങിലും ഒട്ടും മോശമല്ല. സഹോദരൻ ദേവേശ്വർ പെങ്ങൾക്ക് പൂർണ്ണ പിൻതുണയായാണ് നൽകുന്നത്. ഇനി ഇതിൽ ലോക റകോഡ് നേടാനുള്ള ശ്രമത്തിലാണ് ദേവതീർത്ഥ.