എളവള്ളി: മാലിന്യമുക്ത നവകേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഡയപ്പർ ഡിസ്ട്രോയർ സ്ഥാപിച്ച് എളവള്ളി പഞ്ചായത്ത് സംസ്ഥാനത്തിന് മാതൃകയായി. കത്തിച്ചാൽ കത്താത്തതും മണ്ണിൽ കുഴിച്ചിട്ടാൽ അഴുകി ചേരാത്തതുമായ ഡയപ്പർ വഴിയരിയിൽ വലിച്ചെറിയുക പതിവായിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോടെ ഡയപ്പർ ഡിസ്ട്രോയർ സ്ഥാപിക്കുകയെന്ന വലിയ പ്രതിസന്ധിയെ മറികടന്നാണ് പഞ്ചായത്ത് നേട്ടം കൊയ്തത്. എളവള്ളി പഞ്ചായത്തിലെ മൂന്നാം വാർഡിൽ സുവർണ്ണ അങ്കണവാടി യോഗത്തിൽ കുടുംബശ്രീ അംഗം ഡയപ്പർ സംസ്കരിക്കുന്നതിൻ്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് പദ്ധതിയെ കുറിച്ച് ചർച്ചയും അന്വേഷണവും തുടങ്ങിയത്. എളവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സ് ഡയപ്പർ ഡിസ്ട്രോയർ എന്ന ആശയം മുന്നോട്ട് വെക്കുകയും അത് നടപ്പിലാക്കുന്നതിനായി സ്വയം സന്നദ്ധമായി രംഗത്തിറങ്ങു കയുമായിരുന്നു. 1987-91 ബാച്ചിലെ തൃശൂർ ഗവ.എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥിയും പുഴക്കൽ ഗാല കോംപ്ലക്സിൽ ഫോർ ആർ ടെക്നോളജീസ് എന്ന സ്ഥാപന ഉടമയുമായ ടി വി വിദ്യാരാജനുമായി പഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സ് ഡയപ്പർ ഡിസ്ട്രോയർ നിർമ്മിക്കുന്നതിന് വേണ്ടി നടത്തിയ നിരന്തര ഇടപെടലും പരിശ്രമവുമാണ് പദ്ധതിയാഥാർത്ഥ്യമാകാൻ കാരണമായത്.
ഡയപ്പർ ഡിസ്ട്രോയർ എന്ന പദ്ധതി വെല്ലുവിളിയായി സ്വീകരിച്ച വിദ്യാരാജൻ പല ഒഴിവുദിനങ്ങളിലും പഞ്ചായത്ത് പ്രസിഡൻ്റിന്റെ ഓഫീസ്മുറി പദ്ധതിയുടെ ചർച്ചാ വേദിയാക്കി മാറ്റി.വലപ്പാട് ശ്രീരാമ പോളിടെക്നിക്കിൽ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥിയായിരുന്ന ജിയോ ഫോക്സിന് രാഷ്ട്രീയ ജീവിതത്തിൽ എൻജിനീയറിങ് ആവശ്യമാകുന്നത് ഈ യവസരത്തിലാണ്. പലതലത്തിൽ രൂപകൽപ്പന ചെയ്ത ശേഷം ഡയപ്പർ ഡിസ്ട്രോയർ എന്ന പദ്ധതിക്ക് അന്തിമ രൂപമായി. കേരളത്തിൽ ആദ്യമായുള്ള പദ്ധതിയെന്ന നിലയിൽ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള അനുമതിയ്ക്കായി ഉദ്യോഗസ്ഥ തല ചർച്ചകളും ഇരുവരും നടത്തിയിരുന്നു. അവസാന പുക പുറന്തള്ളുന്നതിന് 30 മീറ്റർ ഉയരമുള്ള ചിമ്മിണി ആവശ്യമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് തീരുമാനം പോർട്ടബിൾ ഡയപ്പർ ഡിസ്ട്രോയർ എന്ന സ്വപ്നത്തിന്റെ ചിറകൊടിച്ചു. ജില്ലാ തലത്തിൽ വിളിച്ചുചേർത്ത മാലിന്യമുക്ത നവ കേരള യോഗത്തിലും എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പദ്ധതി വിശദീകരിച്ചിരുന്നു. ജില്ലാ പ്ലാനിംഗ് ഓഫീസറായിരുന്ന എൻ.കെ. ശ്രീലതയുടെ നിർബന്ധപൂർവ്വമായ പ്രോത്സാഹനവും പഞ്ചായത്ത് സെക്രട്ടറി തോമസ് അലിയാസ് രാജനും ഭരണസമിതിയും നൽകിയ പിന്തുണയുമാണ് പദ്ധതി നടപ്പിലാക്കുന്നതിന് വേഗത കൂട്ടിയത്. ഡയപ്പർ ഡിസ്ട്രോയറിന്‍റെ ഒന്നാം ചേമ്പറിലാണ് ഡയപ്പറുകൾ നിക്ഷേപിക്കുന്നത്. നിക്ഷേപിച്ച ഡയപ്പറുകൾ 850 ഡിഗ്രി സെന്റിഗ്രേഡിലാണ് ഓട്ടോമാറ്റിക് ഇൻഡസ്ട്രിയൽ ബർണറുകൾ ഉപയോഗിച്ച് കത്തിക്കുന്നത്. കത്തുമ്പോൾ ഉണ്ടാകുന്ന വാതകങ്ങളായ ക്ലോറിൻ, ഫ്ലൂറിൻ, നൈട്രജൻ, സൾഫർ ഡൈ ഓക്സൈഡ് എന്നിവ രണ്ടാം ചേമ്പറിലേക്ക് കടക്കും. രണ്ടാം ചേമ്പറിൽ ആയിരം ഡിഗ്രി സെന്റിഗ്രേഡിലാണ് വാതകങ്ങൾ കത്തിക്കുന്നത്. കത്തിയ വാതകങ്ങളുടെ കരിയും പൊടിപടലങ്ങളും സൈക്ലോണിക് സെപ്പറേറ്റർ എന്ന യൂണിറ്റിലേക്ക് പ്രവേശിക്കും.പ്രവേശിച്ച ഭാരമുള്ള പൊടിപടലങ്ങൾ അവിടെ തന്നെ ശേഖരിക്കും. പിന്നീട് നേരിയ പൊടിപടലങ്ങളും വിഷവാതകങ്ങളും വാട്ടർ സ്ക്രബ്ബർ യൂണിറ്റിലെ വെള്ളത്തിൽ ലയിക്കും. അന്തരീക്ഷ ഊഷ്മാവിലുള്ള വാതകങ്ങൾ 30 മീറ്റർ ഉയരമുള്ള ചിമ്മിണി വഴി പുറന്തള്ളും. വായു വെള്ളപ്പുക രൂപത്തിലാണ് പുറന്തള്ളുന്നത്.വാട്ടർ സ്ക്രബ്ബിങ് യൂണിറ്റിൽ സൂക്ഷിച്ചിട്ടുള്ള വെള്ളം സെടിമെൻ്റേഷൻ ടാങ്കിലേക്കും പിന്നീട് സോക്ക്പിറ്റിലേയ്ക്കും ഒഴുകിയെത്തും. കത്തിക്കുന്ന ഡയപ്പറിന്റെ അഞ്ചു മുതൽ എട്ട് ശതമാനം വരെ ലഭിക്കുന്ന ചാരം ട്രേയിൽ ശേഖരിക്കും. ചിമ്മിനിയിൽ നിന്നും പുക പുറന്തള്ളുന്നത് വേഗത കൂട്ടാൻ ബ്ലോവറും സ്ഥാപിച്ചിട്ടുണ്ട്. ഒരു മണിക്കൂറിന് രണ്ട് കി.ഗ്രാം. എൽ പി ജി യാണ് ഉപയോഗിക്കുന്നത്. കൂടാതെ ഒരു എച്ച്പി വൈദ്യുതിയും വേണ്ടിവരും.45 മിനിറ്റ് സമയത്തിനുള്ളിൽ 60 ഡയപ്പറുകളാണ് കത്തിക്കുന്നതിന് സൗകര്യമൊ രുക്കിയിട്ടുള്ളത്. എളവള്ളി ക്രിമിറ്റോറിയത്തിനോട് ചേർന്ന് പ്രത്യേക ഷെഡ് നിർമ്മിച്ചാണ് ഡയപ്പർ ഡിസ്ട്രോയർ സ്ഥാപിച്ചിട്ടുള്ളത്.15 ലക്ഷം രൂപയാണ് പദ്ധതിക്ക് ചിലവായത്. ഉപഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കി വാർഡ് തോറും ഇലക്ട്രിക് ഓട്ടോ വഴി ഡയപ്പർ ശേഖരിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കുന്നതെന്ന് പ്രസിഡൻ്റ് ജിയോ ഫോക്സ് പറഞ്ഞു.