കിഴുപ്പിള്ളിക്കര: ലഹരി വില്പനയെക്കുറിച്ച് പോലീസിന് വിവരം നൽകിയെന്നാരോപിച്ച് യുവാക്കളെ വീടുകയറി ആക്രമിച്ചു. ആക്രമണത്തിൽ കിഴുപ്പിള്ളിക്കര പൊറ്റേക്കാട്ട് ഹരികൃഷ്ണൻ (26), നടുത്തുള്ളൻ വീട്ടിൽ മിഥുൻ (27) എന്നിവർക്ക് പരിക്കേറ്റു. കിഴുപ്പിള്ളിക്കര നാരായണംകുളങ്ങര ക്ഷേത്രത്തിന് പരിസരത്ത് ഞായറാഴ്ച വൈകീട്ട് നാലിനാണ് സംഭവമുണ്ടായത്. വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി പൊറ്റേക്കാട്ട് ചന്ദ്രശേഖരന്റെ വീട്ടിലെത്തിയ പ്രതി വീട്ടിൽ കയറി അദ്ദേഹത്തിന്റെ മകനെ തിരക്കി. തുടർന്ന് വീട്ടുകാരെ അസഭ്യം പറഞ്ഞും വെല്ലുവിളിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഈ സമയം വീട്ടിലെത്തിയ ഹരികൃഷ്ണനെയും സുഹൃത്ത് മിഥുനേയും പ്രതി കൈയ്യിൽ കരുതിയിരുന്ന ഇരുമ്പുവടി കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കാലിലും മുഖത്തും അടിയേറ്റ ഇവരെ വലപ്പാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചുസമയത്തിനുശേഷം പ്രായപൂർത്തിയാകാത്ത മറ്റൊരാളുമായി ബൈക്കിലെത്തിയ ഇയാൾ വടിവാൾ വീശി സമീപത്തെ വീടുകളിലും പൊതുവഴിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അന്തിക്കാട് എസ്.ഐ. അരിസ്‌റ്റോട്ടിലിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.