പാവറട്ടി: പാവറട്ടി സഹകരണ ബാങ്കിലേക്ക് നടന്ന വാശിയേറിയ തെരെഞ്ഞെടുപ്പിൽ ഔദ്യോഗിക യുഡിഎഫ് പാനലിനെ നിഷ്പ്രഭമാക്കി വിമത യുഡിഎഫ് പാനലിന് വിജയം. 11 അംഗ ഭരണസമിതിയിലേക്കാണ് തെരെഞ്ഞെടുപ്പ് നടന്നത്. വിമത യുഡിഎഫ് പാനലിലെ ജനറൽ വിഭാഗത്തിൽ മത്സരിച്ച ലീഗ് സ്ഥാനാർത്ഥി പരാജയപ്പെട്ടു.
പകരം സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ഇവിടെ വിജയിച്ചത്. 14,090 വോട്ടർമാരിൽ 4797 പേരാണ് വോട്ട് ചെയ്തത്. ഔദ്യോഗിക കോൺഗ്രസ്, വിമത യുഡിഎഫ്, എൽഡിഎഫ്, ബിജെപി ഉൾപ്പെടെ 4 പാനലിൽ നിന്നായി 37 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം വോട്ടെടുപ്പ് കേന്ദ്രത്തിൽ നില ഉറപ്പിച്ചിരുന്നു. സഹകരണ വിഭാഗത്തിലെ ജൂനിയർ ഇൻസ്പെക്റ്റർ കെ എം സുഭാഷ് വരണാധികാരിയായിരുന്നു. വർഷങ്ങളായി കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് പാവറട്ടി സഹകരണ ബാങ്ക് ഭരണം നടത്തുന്നത്.