വാടാനപ്പള്ളി: ബോട്ടുകൾക്കും വള്ളങ്ങൾക്കും അപകട ഭീഷണിയായ ചേറ്റുവ അഴിമുഖത്തെ മണൽതിട്ട നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹാർബറിലെ മത്സ്യ തൊഴിലാളികൾ പണിമുടക്കി. മണൽ മൂടിയ അഴിമുഖം എത്രയും വേഗം ഡ്രഡ്ജ് ചെയ്യുക, അൻപത് മീറ്ററെങ്കിലും നീളത്തിൽ പുതിയ വാർഫും ലേല ഹാളും നിർമ്മിക്കുക, വാഹന പാർക്കിങ്ങ് സൗകര്യം മെച്ചപ്പെടുത്തുക, ചെറുകിട വ്യാപാരികൾക്ക് ഐ സിങ്ങിനായി മേൽക്കൂരയുളള സംവിധാനം നടപ്പിലാക്കുക, മത്സ്യ ബന്ധനയാനങ്ങൾ സുരിക്ഷിതമായി കെട്ടിയിടുന്നതിനായുള്ള സൗകര്യമൊരുക്കുക, തകർന്ന പുലിമുട്ടിൻ്റെ നിർമ്മാണം ഉടൻ പൂർത്തീകരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഞായറാഴ്ച പണിമുടക്ക് നടത്തിയത്. അഴിമുഖത്തെ മണൽ തിട്ടയിൽ ബോട്ടും വള്ളങ്ങളും ഇടിച്ച് തകർന്ന് നേരത്തെ മത്സ്യ തൊഴിലാളികൾ മരണപ്പെട്ടിരുന്നു. നിലവിൽ മണൽ വന്ന് അടിഞ്ഞിരുന്നു. ഇത് മൂലം മത്സ്യബന്ധന യാനങ്ങൾക്ക് കടന്നുപോകാൻ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മണൽ തിട്ട നീക്കാൻ പല തവണ പരാതി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഡ്രഡ്ജിങ് ചെയ്യാൻ ഇതുവരേയും നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചാണ് മത്സ്യതൊഴിലാളികൾ, വൻകിട ,ചെറുകിട കച്ചവടക്കാർ, സംയുക്ത ട്രേഡ് യൂണിയൻ, തരകൻസ് അസോസിയേഷൻ, മത്സ്യ ബന്ധന യാനം ഉടമകൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ 500 ഓളം വരുന്ന തൊഴിലാളികൾ പണിമുടക്ക് സമരം നടത്തിയത്.
സമരം മൂലം ഹാർബർ നിശ്ചലമായി. ഒരാഴ്ചക്കുള്ളിൽ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായിട്ടില്ലെങ്കിൽ തുടർസമര പരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചു. കൊടിയുമ്പുഴ ദേവസ്വം ചെയർമാൻ പി.വി. ജനാർദ്ദനൻ പണിമുടക്ക് സമരം ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് കെ.എൻ. രാജൻ അധ്യക്ഷതവഹിച്ചു. സി.വി. തുളസിദാസ് (എഎൻടിയുസി), ദേവസ്വം രക്ഷാധികാരി കെ.കെ. പീതാംബരൻ, ശക്തിധരൻ (എഐടിയുസി) തരകൻസ് പ്രതിനിധി എം.ആർ. സുനി, യു.ജി. ഉണ്ണി, ബോട്ട് പ്രധിനിധി പി. എം. അബ്ദുൽറസാഖ്, ദേവസ്വം സെക്രട്ടറി പി.കെ . ജയൻ, യു.കെ. സുനി, ലൈജു (ബി.എം. എസ്.) എന്നിവർ സംസാരിച്ചു. സിഐടിയു പ്രതിഷേധ പരിപാടി ബഹിഷ്ക്കരിച്ചു.