അരിമ്പൂർ: ഏതു നിമിഷവും നിലംപൊത്താവുന്ന വീട്ടിൽ അധികൃതരുടെ നിർദേശങ്ങൾക്ക് ചെവികൊടുക്കാതെ താമസിക്കുകയാണ് ഒരു കുടുംബം. എറവ് ആറാംകല്ല് പരദേവതാ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അറക്കൽ ഭാഗ്യലക്ഷ്മിയും ഭർത്താവ് വേണുഗോപാലനുമാണ് പാതി തകർന്ന വീട്ടിൽ താമസിക്കുന്നത്. ഇവർ രണ്ടുപേരും മാത്രമാണ് വീട്ടിൽ താമസം. കാലവർഷം ആരംഭത്തിൽ തന്നെ ഇവരുടെ വീടിന്റെ ഒരുവശം ഇടിഞ്ഞു വീണു.
ബാക്കി ഭാഗങ്ങൾ ഏതു നിമിഷവും നിലംപൊത്താം. വീടിന് മുന്നിൽ മരങ്ങൾ വീണ് ദുരിതത്തിൽ കിടന്ന കുടുംബത്തിന്റെ ദുരവസ്ഥ അറിഞ്ഞ് അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാറിന്റെ നേതൃത്വത്തിൽ ഇവരുടെ വീട്ടിലെത്തി. വഴിമുടക്കി വീണു കിടന്ന മരങ്ങൾ വെട്ടിയൊതുക്കി. ഇവരോട് ഉടനെ പഞ്ചായത്ത് ആരംഭിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാൻ ആവശ്യപ്പെട്ടെങ്കിലും കുടുംബം തയ്യാറായില്ല. അപകടാവസ്ഥയിൽ ഉള്ള വീട്ടിൽ ഇവരെ താമസിപ്പിക്കാൻ നിർവാഹം ഇല്ലാത്ത സാഹചര്യത്തിൽ ബുധനാഴ്ച വില്ലേജ് അധികാരികൾ ഇതിനായി അടിയന്തിര നടപടി കൈക്കൊള്ളുമെന്ന് അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി. സജീഷ്, വാർഡംഗങ്ങളായ സുനിത ബാബു, സി.പി. പോൾ, കെ.രാഗേഷ്, ശോഭാ ഷാജി തുടങ്ങിയർ ചേർന്നാണ് സ്ഥലം സന്ദർശിച്ചത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ചില ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.
( പടം: ഏതു നിമിഷവും തകർന്നു വീഴാവുന്ന എറവ് അറക്കൽ ഭാഗ്യലക്ഷ്മിയുടെ വീട് )