പാവറട്ടി: സഹകരണ ബാങ്ക് പ്രസിഡന്റായി വിമത കോൺഗ്രസ് നേതാവ് സലാം വെന്മേനാടിനെ തിരഞ്ഞെടുത്തു. കേരള കോൺഗ്രസിലെ സി.കെ.തോബിയാസാണ് വൈസ് പ്രസിഡന്റ്. ഇന്നലെ ചേർന്ന 11 അംഗ ഭരണ സമിതി യോഗത്തിലാണ് ഇരുവരെയും തിരഞ്ഞെടുത്തത്. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരുന്നു പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും തിരഞ്ഞെടുപ്പ്. ഇത്തവണ ഡിസിസിയുടെ തീരുമാനത്തിനെതിരായി വിമത വിഭാഗം നേതൃത്വം നൽകിയ മറ്റൊരു പാനലാണ് മൽസരിച്ചത്. ഡിസിസി തീരുമാനം ലംഘിച്ച് മത്സര രംഗത്തിറങ്ങിയ നേതാക്കളായ സലാം വെന്മേനാട്, എ.സി. വർഗീസ്, ഷിജു വിളക്കാട്ടുപാടം എന്നിവരെ നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു.
സ്ഥാനാരോഹണത്തോടനുബന്ധിച്ച് നടന്ന അനുമോദന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം.എം. റജീന, നേതാക്കളായ പി.കെ. രാജൻ, ഒ.ജെ. ഷാജൻ, വി.ജി. സുബ്രഹ്മണ്യൻ, ജോസഫ് ബെന്നി, എം.കെ. അനിൽകുമാർ. കമാലുദീൻ തോപ്പിൽ, ജോബി ഡേവിഡ്, എൻ.ജെ. ലിയോ, ഡേവീസ് പുത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.