കയ്പമംഗലം: കനോലി കനാൽ കരകവിഞ്ഞ് എടത്തിരുത്തി, കയ്പമംഗലം പഞ്ചായത്തുകളിലെ കിഴക്കൻ മേഖല വെള്ളത്തിൽ മുങ്ങി. അമ്പതോളം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്. ഡാമുകളിൽ നിന്നുള്ള വെള്ളം തുറന്നുവിട്ടതോടെയാണ് കനോലി കനാൽ കരകവിഞ്ഞത്. ആദ്യ ദിവസങ്ങളിൽ താഴ്ന്ന പ്രദേശമായ എടത്തിരുത്തി പഞ്ചായത്തിലെ കോഴിത്തുമ്പ് പ്രദേശം മാത്രമാണ് വെള്ളക്കെട്ടിലായത്. പിറ്റേന്ന് മുതൽ പൈനൂർ, പല്ല, കയ്പമംഗലം പഞ്ചായത്തിലെ പാലിയം ചിറ, എൽ.ബി.എസ് കോളനി, കാക്കാത്തിരുത്തി, അമ്പല നട കിഴക്ക്, കൂനിപറമ്പ് തുടങ്ങിയ ഭാഗങ്ങളിലും വെള്ളം കയറി. നൂറിലധികം വീടുകളാണ് വെള്ളക്കെട്ടിലായത്.
പല വീട്ടുകാരും സാധനങ്ങളെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് കയറ്റി വെച്ച് ബന്ധുവീടുകളിലേക്ക് മാറിയിരിക്കുകയാണ്. കാക്കാത്തിരുത്തി ഇസ്സത്തുൽ ഇസ്ലാം മദ്റസയിലാണ് കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത്. ഇവിടെ 25 കുടുംബങ്ങളിൽ നിന്നായി 68 പേരാണ് ക്യാമ്പിലുള്ളത്. എടത്തിരുത്തി ഗ്രാമപഞ്ചായത്തിന്റെ ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 23 കുടുംബങ്ങളിൽ നിന്നുള്ള 67 പേരാണ് ഉള്ളത്. ഇവർക്ക് വേണ്ട ഭക്ഷണവും മറ്റും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൽകി വരുന്നുണ്ട്. ക്യാമ്പിലെ താമസക്കാർക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വൈദ്യ പരിശോധനയും നടത്തി.