തൃശ്ശൂർ: മലപ്പുറം കാളികാവിൽ നിന്ന് മോഷ്ടിച്ച കാറുമായി കടന്ന യുവാവിനെ പുതുക്കാട് പോലീസ് പിടികൂടി. ആലപ്പുഴ അരൂക്കുറ്റി സ്വദേശി പെരിങ്ങാട്ട് വീട്ടിൽ 28വയസുള്ള ഫൈസൽ ആണ് പുതുക്കാട് പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മലപ്പുറത്തുനിന്ന് കാർ മോഷ്ടിച്ച് കടന്ന യുവാവിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു.
ഇതേ തുടർന്ന് പാലിയേക്കര ടോൾ പ്ലാസയിൽ വെച്ച് പരിശോധന നടത്തുന്നതിനിടെ പോലീസിനെ വെട്ടിച്ച് കടന്ന കാറിനെ പോലീസ് പിന്തുടരുകയായിരുന്നു. പുതുക്കാട് പോലീസ് സ്റ്റേഷന് മുൻപിലെ യൂടേണിൽ വെച്ച് പോലീസ് കാർ തടഞ്ഞെങ്കിലും യുവാവ് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. പിന്നാലെ ഓടിയ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പിന്നീട് കാളികാവ് പോലീസിന് പ്രതിയെ കൈമാറി. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പുതുക്കാട് എസ്എച്ച്ഒ വി.സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.