കിഴക്കമ്പലം: പള്ളിക്കര മനയ്ക്കക്കടവിൽ 18.5 കിലോ കഞ്ചാവുമായി കൊടുങ്ങല്ലൂർ കരുമാത്ര കരുപ്പടന്ന ചീനിക്കാപ്പുറത്ത് വീട്ടിൽ ഫാദിൽ (23), പാലക്കാട് ശ്രീകൃഷ്ണപുരം ചന്തപ്പുര ലക്ഷംവീട്ടിൽ രതീഷ് (23) എന്നിവരെ തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. മനയ്ക്കക്കടവ് പാലത്തിനു സമീപം കഞ്ചാവ് വിൽപനയ്ക്ക് എത്തിയപ്പോഴാണ് ഫാദിലിനെ അറസ്റ്റ് ചെയ്യുന്നത്.
ഫാദിലിനെ പിടികൂടിയതറിഞ്ഞ് ഒളിവിൽ പോയ രതീഷിനെ പ്രത്യേക അന്വേഷണസംഘം പാലക്കാട് ശ്രീകൃഷ്ണപുരത്തു നിന്നു പിടികൂടുകയായിരുന്നു. കളമശേരിയിലെ ലോഡ്ജിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത് മനയ്ക്കക്കടവ് ഭാഗത്ത് എത്തിക്കാനാണ് ഫാദിലിനോട് പറഞ്ഞിരുന്നത്. കഴിഞ്ഞദിവസം ബിനാനിപുരത്ത് അറസ്റ്റിലായ യുവതി ഉൾപ്പെടെയുള്ള 6 പേർ രതീഷിന്റെ സുഹൃത്തുക്കളാണ്. ഓൺലൈൻ ഭക്ഷ്യവിതരണത്തിന്റെ മറവിൽ കഞ്ചാവ് വിൽക്കുന്ന ഇവരിൽ നിന്ന് ആറര കിലോഗ്രാം കഞ്ചാവാണ് അന്ന് കണ്ടെടുത്തത്.