കൊടുങ്ങല്ലൂർ: ബാർബർ ഷോപ്പിലേക്ക് പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കടയിലുണ്ടായിരുന്നയാളെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മേത്തല പടന്ന കാരോളി വീട്ടിൽ പ്രദീപ് എന്ന പ്രതീഷിനെയാണ് സർക്കിൾ ഇൻസ്‌പെക്ടർ ബി.കെ. അരുണും സംഘവും അറസ്റ്റ് ചെയ്തത്. 2009 ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കണ്ടംകുളം ക്ഷേത്രത്തിന് വടക്ക് വശമുള്ള ബാർബർ ഷോപ്പിൽ പടക്കമെറിഞ്ഞ പ്രദീപ് ബാർബർഷാപ്പിലുണ്ടായിരുന്ന ഉണ്ണികൃഷ്ണൻ എന്നയാളെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കോടതി പ്രദീപിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. എസ്.ഐ തോമസ്, സിപിഒമാരായ ഉണ്ണികൃഷ്ണൻ, ബിനിൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.