കിഴുപ്പിള്ളിക്കര: ടറസ് വീട് തകർന്നു വീണു ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരുത്തേക്കാട് പാലത്തിങ്കൽ പ്രിൻസിന്റെ വീടാണ് ചൊവ്വാഴ്ച വൈകിട്ട് 5.45ഓടെ തകർന്ന് വീണത്. മഴക്കാലമായതിനാൽ കൂലിപണിക്കാരനായ പ്രിൻസിന് പണി ഇല്ലാത്തതിനാൽ ചൊവ്വാഴ്ച മുഴുവൻ സമയം വീട്ടിലുണ്ടായിരുന്നു. വാതിൽ അടച്ച് പുറത്തേക്കിറങ്ങിയ മിനിറ്റുകൾക്കുള്ളിലാണ് വലിയ ശബ്ദത്തോടെ വീട് തകർന്ന് നിലംപൊത്തിയത്.
വലിയ വീടാണെങ്കിലും കാലപഴക്കമുണ്ട്. അത്ഭുദകരമായാണ് രക്ഷപ്പെട്ടത്. വീട്ടിലെ സർവ്വതും നശിച്ചു. ഒറ്റക്കാണ് ഇയാൾ താമസിച്ചു വരുന്നത്. പുതിയ വീട് നിർമിക്കാനും നിർവാഹമില്ലാത്ത അവസ്ഥയായി. ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ച് പകച്ച് നിൽക്കുകയാണ് പ്രിൻസ്. ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയതെന്നും ഇത് രണ്ടാം ജൻമമാണെന്നും പ്രിൻസ് പറയുന്നു.