ചാവക്കാട്: ഒരുമനയൂരിൽ കുറുനരിയുടെ കടിയേറ്റ് 3 സ്ത്രീകൾക്ക് പരുക്ക്. 3 ആടുകളെയും കടിച്ചു. ഒരുമനയൂർ മുത്തമ്മാവ് പെരുമ്പിള്ളിപറമ്പ് അയ്യപ്പൻ വീട്ടിൽ അനിത(50), മാങ്ങോട്ട് സ്കൂളിനടുത്ത് പേലി വീട്ടീൽ പുഷ്പ(50), അമ്പലത്താഴം കിഴക്കിനിയത്ത് തങ്ക(66) എന്നിവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
5,6 വാർഡുകളിലെ സ്ഥലങ്ങളിലാണ് ഇന്നലെ രാവിലെ മുതൽ ഉച്ചവരെ ആക്രമണം ഉണ്ടായത്. വെട്ടേക്കാട് തങ്കമണി, കാഞ്ഞിരത്തിങ്കൽ ജോയ് എന്നിവരുടെ ആടുകൾക്കാണ് കടിയേറ്റത്. വൈകിട്ട് ദേശീയപാതയിൽ കുറുനരിയെ ചത്തനിലയിൽ കണ്ടെത്തി. അതിനിടെ ഫിസിഷ്യൻ ഇല്ലാത്തതിനാൽ കടിയേറ്റവർക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകാനായില്ല.