അരിമ്പൂർ: അരിമ്പൂർ പഞ്ചായത്ത് കുടുംബശ്രീയുടെ നവീകരിച്ച വനിത ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. ആദ്യ ദിവസം ഹോട്ടലിൽ നിന്നും വരുമാനമായി ലഭിച്ച തുകയും ജീവനക്കാരുടെ ശമ്പളവും വയനാട് ദുരന്തത്തിൽപ്പെട്ടവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി മാറ്റിവച്ചു. പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, ഫാസ്റ്റ് ഫുഡ്, ജ്യൂസ് പാർലർ എന്നിവയും ഓർഡർ അനുസരിച്ച് കാറ്ററിങ് ജോലികളും എടുക്കും.
ഇരുനിലകളിലായി അമ്പതോളം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഈ ഹോട്ടലിലുണ്ട്. അഞ്ച് പാചക തൊഴിലാളികൾ അടക്കം പത്ത് സ്ത്രീകളാണ് ഹോട്ടലിൽ ജോലിക്കുള്ളത്. ഹോട്ടലിൽ ആദ്യ ദിനം ഭക്ഷണം കഴിക്കാനെത്തിയവർക്ക് അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, വൈസ് പ്രസിഡന്റ് സി.ജി. സജീഷ്, ജനപ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് ഭക്ഷണം വിളമ്പി.