ചാലക്കുടി: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്ത് മേലൂർ കുവ്വക്കാട്ടു സ്വദേശി ജെറിനിൽ നിന്നും 11.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിലായി. തട്ടിപ്പു നടത്തിയ മലപ്പുറം വണ്ടൂർ സ്വദേശികളായ അഞ്ചചാവടി കുരുങ്ങണ്ണാൻ വീട്ടിൽ ഇർഷാദ് (33), പൂങ്ങോട് അത്തിമന്നൻ വീട്ടിൽ ഷെഫീക് (31) എന്നിവരെയാണ് കൊരട്ടി എസ്.എച്ച്.ഒ.അമൃത് രംഗനും സംഘവും അറസ്റ്റ് ചെയ്തത്.
മൊബൈല്‍ ഫോണിലേക്ക് ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കിയുള്ള സന്ദേശം അയച്ചായിരുന്നു തട്ടിപ്പിൻ്റെ ആരംഭം. ഈ നമ്പറിലേക്ക് തിരിച്ചു മറുപടി ലഭിക്കുന്നതോടെയുള്ള ലിങ്കിൽ ജോയിന്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ലിങ്കിൽ ജോയിൻ ചെയ്ത ജെറിൻ്റെ വിശ്വാസം ആർജിക്കുവാൻ ചെറിയ ടാസ്‌കുകള്‍ നല്‍കി. ഇത് പൂര്‍ത്തീകരിച്ച മുറക്ക് ലാഭത്തോടുകൂടി പണം തിരികെ അക്കൗണ്ടിലേക്ക് നല്‍കി. ടാസ്‌ക് ചെയ്യുന്നതിനായി കൂടുതല്‍ പണം ആവശ്യപ്പെടുകയും പ്രത്യേകം തയ്യാറാക്കിയ സ്‌ക്രീനില്‍ ലാഭവിഹിതം അടക്കമുള്ള തുക കാണിക്കുകയും ചെയ്തു. പലവട്ടം ഇതു ആവർത്തിച്ചതോടെ 11.5 ലക്ഷം രൂപ ഇയാൾ നിക്ഷേപിക്കുകയും 22 ലക്ഷം രൂപ സ്ക്രീനിൽ ക്രെഡിറ്റ് ആകുകയും ചെയ്തു. ഇതിനിടെ ഒരു പ്രാവശ്യം പോലും ജെറിൻ തുക പിൻവലിച്ചിട്ടില്ല. തൻ്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ആയ തുക 22 ലക്ഷം കവിഞ്ഞതോടെ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് താൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് ബോധ്യപ്പെട്ടത്. പണം പിൻവലിക്കണമെങ്കിൽ 6 ലക്ഷം രൂപ വീണ്ടും നിക്ഷേപിക്കണമെന്ന സ്ഥിതിയായി. ഇതോടെ ഇയാൾ കൊരട്ടി പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് എസ്.എച്ച്.ഒ.അമൃത് രംഗൻ്റെ നേതൃത്വത്തിൽ രേഖകളും മറ്റും വച്ചു നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികളെ മലപ്പുറത്തു നിന്നും പിടികൂടിയത്. പ്രതികളിൽ നിന്നും അറുപതോളം എടിഎം കാർഡുകൾ കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ കണ്ണികൾ ഈ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. അന്വേഷണ സംഘത്തിൽ സിപിഒ മാരായ പി.കെ. സജീഷ് കുമാർ, നിതീഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.