അന്തിക്കാട്: ഏഴര ലക്ഷം കിലോമീറ്റർ ദൂരം ഓടി കിതച്ചു ഇഴയുന്ന അന്തിക്കാട് പോലീസിന് ആശ്വാസമായി പുതിയ ജീപ്പ് എത്തി. പോലീസ് സ്റ്റേഷനുകൾക്കും ബറ്റാലിയനുകൾക്കുമായി സർക്കാർ വാങ്ങിയ 117 വാഹനങ്ങൾ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ഇവയിൽ നിന്നും ഒരു ജീപ്പാണ് അന്തിക്കാട് പോലീസിന് ലഭിച്ചത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിൽ നിന്നും ഇന്നു രാവിലെയാണ് പുതിയ ജീപ്പ് അന്തിക്കാട് സ്റ്റേഷനിൽ എത്തിച്ചത്.
2023 സാമ്പത്തിക വർഷം 151 വാഹനങ്ങൾ വാങ്ങുന്നതിനായി 12.03 കോടി രൂപ അനുവദിച്ചതിൽ പെട്ടവയാണ് ഈ പുതിയ ജീപ്പ്. ജില്ലയിൽ വിസ്തൃതിയിൽ രണ്ടാമത് നിൽക്കുന്ന അന്തിക്കാട് പോലീസ് സ്റ്റേഷന് പുതിയ ജീപ്പില്ലാത്തത് വലിയ ദുരിതം സൃഷ്ടിച്ചിരുന്നു. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ജീപ്പ് ഇതിനകം ഏഴര ലക്ഷം കിലോമീറ്റർ ഓടി കഴിഞ്ഞതോടെ ക്രൈം നടക്കുന്നിടങ്ങളിൽ പൊലീസിന് ആവശ്യ സമയത്ത് എത്തിച്ചേരാനാകുന്നില്ലെന്ന ആക്ഷേപം ശക്തമായിരുന്നു.